ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി.

തിരുവനന്തപുരം ∙ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതർ പറഞ്ഞു. ലോകായുക്ത നിർദേശിച്ചത് അനുസരിച്ച്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകൻ ഹാജരാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മിഷൻ അംഗമാകാനും ഷാഹിദ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.

2017ലാണ് ഷാഹിദ വനിതാ കമ്മിഷൻ അംഗമാകുന്നത്. ഷാഹിദയുടെ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സത്യസന്ധതയും ഏതു കാലയളവു ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചോദ്യം ചെയ്യുന്നതെന്നു ലോകായുക്ത ചോദിച്ചു.

വനിതാ കമ്മിഷൻ അംഗമായതിനു ശേഷമുള്ള കാലയളവോ അതിനു മുൻപുള്ള കാലയളവോ എന്നാണ് വ്യക്തമാക്കാനാണ് നിർദേശിച്ചത്. എന്നാൽ, പരാതിക്കാരി അഖില ഖാന് ഇതിൽ കൃത്യമായ മറുപടി ഉണ്ടായില്ല. അഭിഭാഷകന്റെ സേവനം ഉപയോഗിക്കാൻ കോടതി നിർദേശിച്ചെങ്കിലും പരാതിക്കാരി താൽപര്യം പ്രകടിപ്പിച്ചില്ല. ഇതേത്തുടർന്നാണ് ഉത്തരവിറക്കാനായി കേസ് മാറ്റിവച്ചത്.

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്ന് 2016ൽ ബികോമും 2018ൽ എംഎയും പാസായ സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റും ഷാഹിദ ഹാജരാക്കി. വിദ്യാഭ്യാസ യോഗ്യത വ്യാജമായത് കൊണ്ടാണ് യഥാർഥ രേഖകൾ കോടതിയിൽ ഹാജരാക്കാതെ പകർപ്പുകൾ ഹാജരാക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →