തൃശ്ശൂർ: ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് ആശ്വാസം പകരാൻ മന്ത്രിയെത്തി

തൃശ്ശൂർ: ഊട്ടി കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ വീട്ടിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സന്ദർശനം നടത്തി. സംസ്ഥാനത്ത് 2018 ലുണ്ടായ പ്രളയ സമയത്ത് കൊയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി  സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചതെന്ന്  മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് വിവരങ്ങൾ തിരക്കിയെന്നും മന്ത്രി പറഞ്ഞു.

തൃശൂർ, പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറക്കൽ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്ററിൽ അപകടത്തിൽ മരിച്ചത്. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറന്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങി അനേകം ദൗത്യങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം വീട് സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →