തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ തീവില തുടരുന്നു. ഇന്നലെയും തക്കാളി വില നൂറിന് മുകളിലാണ്. മറ്റിനങ്ങൾക്കും ഉയർന്നവില തുടരുകയാണ്. വിലകുറയ്ക്കാനായി തമിഴ്നാട് തെങ്കാശിയിലെ കർഷകോത്പാദക സംഘങ്ങളിൽ നിന്നും പച്ചക്കറി ശേഖരിക്കാനുള്ള നടപടി ഇനിയും പൂർത്തിയായിട്ടില്ല. പൊതുവിപണിയിൽ മുരിങ്ങയ്ക്കക്ക് കിലോ 240 രൂപ.വെണ്ടയ്ക്ക 75, കാരറ്റിന് 94.ശബരിമല സീസൺ തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറെയാണ്
തെങ്കാശി ജില്ലയിലെ 6 കർഷകോത്പാദക സംഘങ്ങളിൽ നിന്നും ഇടനിലയില്ലാതെ പച്ചക്കറി ശേഖരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ 2021 ഡിസംബർ 8 ബുധനാഴ്ച ധാരണ പത്രത്തിൽ ഒപ്പുവയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കർഷകരുമായുള്ള ചർച്ച ഇതുവരെ പൂർത്തിയായില്ല.
ഈയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കാനാവുമെന്ന് ഹോർട്ടികോർപ്പ് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. വിപണി ഇടപെടലിന്റെ ഭാഗമായി എല്ലാ ദിവസവും പച്ചക്കറികൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തിച്ച് വില്പന നടത്തിവരികയാണ്.എന്നാൽ ഹോർട്ടികോർപ്പ് സ്റ്റാളുകളുടെ എണ്ണം പരിമിതമായതിനാൽ നിലവിലെ വിപണിയിടപെടൽ ഫലിക്കുന്നില്ല