രാജ്യം കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: രാജ്യം കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിരോധ – ബഹിരാകാശ രംഗം 85000 കോടിയുടേതാണ്. 18000 കോടിയാണ് ഇതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്തെ എംഎസ്എംഇകൾ ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നൽകണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജിയും പുതിയ ഉൽപ്പന്നങ്ങളും എംഎസ്എംഇകൾ കൊണ്ടുവരണം. 12000 എംഎസ്എംഇകൾ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ എംഎസ്എംഇകൾ കൂടുതലായി ഈ സെക്ടറിലേക്ക് വരാൻ കാരണം കേന്ദ്രസർക്കാരിന്റെ ഉത്തേജന പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. ലോകത്ത് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →