ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റിക്കു തകര്‍പ്പന്‍ ജയം. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ 5-1 മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്തു.
വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകളും ഇഗോള്‍ അംഗുലോ, മോ ഫാള്‍, ബിപിന്‍ സിങ് എന്നിവരുടെ ഓരോ ഗോളുകളും ബഗാനെ തകര്‍ച്ചയിലേക്കു തള്ളി.ഡീന്‍ വില്യംസാണ് ഒരു ഗോള്‍ മടക്കിയത്. എ.ടി.കെ. മോഹന്‍ ബഗാന് കോച്ച് അന്റോണിയേ ഹാബാസിന്റെ ഐ.എസ്.എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ലീഗില്‍ ആദ്യമായി സ്റ്റാര്‍റ്റിങ് ഇലവനിലെത്തിയ വിക്രം സിംഗ് നാല്, 25 മിനിറ്റുകളില്‍ മുംബൈയെ മുന്നിലെത്തിച്ചു.രണ്ട് ഗോളുകളും ഒരുക്കിയത് ബിപിന്‍ സിങായിരുന്നു. ഒന്നാം പകുതിയുടെ അവസാനം അംഗുലോ ഒരു സെറ്റ് പീസില്‍നിന്ന് മുംബൈയുടെ മൂന്നാം ഗോളുമടിച്ചു.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട ദീപക് താങ്രിയെ നഷ്ടമായതു ബഗാനു കനത്ത തിരിച്ചടിയായി. 47-ാം മിനിറ്റില്‍ ഫാളും 52-ാം മിനിറ്റില്‍ ബിപിന്‍ സിങും ഗോളടിച്ചു. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ മുംബൈ സിറ്റി ഒന്നാമതാണ്. രണ്ടാമതുള്ള ഒഡീഷയ്ക്കും ആറ് പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നയിനും മോഹന്‍ ബഗാനും ആറ് പോയിന്റ് വീതമുണ്ട്.

