ബൊക്കാറോ(ഝാര്‍ഖണ്ട്): പുരുഷന്മാരുടെ സദാചാര പോലീസ് ചമയലിനേയും കുറ്റകൃത്യങ്ങളേയും നാണിപ്പിച്ചു കൊണ്ട് ഒരു സംഘം സ്ത്രീകള്‍ സദാചാര പോലീസ് വേഷം കെട്ടി മറ്റൊരു സ്ത്രീയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി അടിച്ച് അവശയാക്കുകയും അര്‍ദ്ധനഗ്നയാക്കി തെരുവില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവമാണ് ഝാര്‍ഖണ്ടിലെ ബൊക്കാറോ ജില്ലയിലെ ചാംപി ഗ്രാമത്തില്‍ നിന്നും പുറത്തു വരുന്നത്. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. അവശയായ സ്ത്രീയെ അക്രമം കാട്ടി നില്ക്കുന്ന സ്ത്രീകളില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത് പോലീസാണ്. ആര്‍ക്കുമെതിരെ നടപടി എടുത്തിട്ടില്ല.
വെള്ളിയാഴ്ച (22/05/2020)വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശനിയാഴ്ച തേനുഘാട്ട് പോലീസ് കേസെടുത്തു. 22-ഓളം സ്ത്രീകളെ പ്രതിയാക്കിയിട്ടുണ്ട്. ആരേയും തിരിച്ചറിഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്തിട്ടുമില്ല.കേസ് അന്വേഷിച്ചു വരികയാണെന്നും സംഭവത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും തേനൂഘാട്ട് പോലീസ് ഇന്‍സ്പെക്ടര്‍ വിജയ്കുമാര്‍ സിംഗ് പറഞ്ഞു.
വ്യഭിചാരക്കുറ്റവും സ്വഭാവദൂഷ്യവും ആരോപിച്ചാണ് ഗ്രാമവാസിയായ 35-കാരിയെ അതേ ഗ്രാമത്തിലുള്ള സ്ത്രീകളുടെ സംഘം ആക്രമിച്ചത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി. ചെരുപ്പു കൊണ്ടടിച്ചു. കയറുകൊണ്ട് കെട്ടിയിട്ട് തല്ലി. മുടി മുറിച്ചു കളഞ്ഞു. മുഖത്തും ദേഹത്തും കരി പുരട്ടി. ചെരുപ്പുമാല അണിയിച്ചു. അര്‍ദ്ധനഗ്നയാക്കി ഗ്രാമത്തില്‍ മുഴുവന്‍ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിച്ചു. ഉടനീളം മര്‍ദ്ദിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ക്രൂരതയ്ക്ക് സാക്ഷികളായി കുട്ടികള്‍ നിന്നു. പുരുഷന്മാര് ഇടപെട്ടില്ല. തമാശ ആസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ അറിയിച്ച് പോലീസെത്തി.പക്ഷേ, സ്ത്രീകളുടെ ആക്രമത്തില്‍ അവരും ഇടപെട്ടില്ല. പിന്നീട് ഗോമിയ പോലീസ് സ്റ്റേഷനിലെ എ എസ് പി അഞ്ജനിയുടെ നേതൃത്വത്തിലുള്ള വനിതാ പോലീസാണ് യുവതിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ജീവഭയം കൊണ്ട് യുവതി പരാതി നല്‍കിയില്ല. എന്നാല്‍ 22 പേരെ പ്രതിയാക്കി കേസെടുത്തുവെന്ന് പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ ഝാ പറഞ്ഞു.

