ദില്ലി: ഭീകരവാദികൾക്ക് കയ്യാമം വച്ചാൽ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ രിണറായിക്കെന്ന് കേന്ദ്രമന്ത്രി വി. മരളീധരൻ ചോദിച്ചു. പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ പ്രതികൾ ഇപ്പോഴും കേരള പൊലീസിന്റെ ‘കരുതലിലാ’ണെന്നും സഞ്ജിത്തിനെ വെട്ടിനുറുക്കി യവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, സഞ്ജിതിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ ഇന്ന് അറസ്റ്റിലായിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ലെന്നും മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചുള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യാനായി കൂടുതൽപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ എൻഎഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ദില്ലിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് മമ്പറത്ത് വച്ച് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.