ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും,  കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 707 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം  ഉടൻ പൂർണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് സമ്പൂർണ ഇ ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായാണ് ഇ ഹെൽത്ത് പദ്ധതി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറു കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി ചെലവഴിച്ചത്.

ആശുപത്രികളിലെ തിരക്കു കാരണം രോഗികൾക്ക് ചില സമയങ്ങളിൽ ഡോക്ടറെ കാണാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. പുലരും മുമ്പ് തന്നെ രോഗികൾ വന്ന് ക്യൂ നിൽക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാൻ ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സംവിധാനമാണ് ഇ ഹെൽത്ത് പദ്ധതിയിൽ നടപ്പാക്കിയത്. ഇതിലൂടെ ഒ. പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും കഴിയും. സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാനാവും. ഇതിനായി ആരോഗ്യ പ്രവർത്തകർ ഓരോ വീടും സന്ദർശിച്ച് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മറ്റ് അനാരോഗ്യ സ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ രൂപരേഖ ലഭിക്കും. ഇതിലൂടെ രോഗങ്ങൾക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കും. ഭാവിയിൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇ ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്‌സാ രേഖ ഇതിലൂടെ ലഭ്യമാകും.
ഡയബറ്റിക് റെറ്റിനോപതി, ബ്‌ളഡ്ബാങ്ക് ട്രെയിസബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും, ബ്‌ളോക്ക് ചെയിൻ അധിഷ്ഠിത വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ എമർജിങ് ടെക്‌നോളജി പ്രോജക്ടിലൂടെ കെഡിസ്‌ക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് റെറ്റിനൽ ഇമേജിന്റെ നിലവാരം അളക്കുന്ന പദ്ധതിയാണ് ഡയബറ്റിക് റെറ്റിനോപതി.  തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കിയ സ്മാർട്ട്ഫോൺ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ബ്ലഡ് ബാങ്ക് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും പദ്ധതി തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →