വേങ്ങര: മലപ്പുറം വേങ്ങരയിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് കവർച്ച. 49പവൻ സ്വർണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്നു. ഊരകം മമ്പീതി വള്ളിക്കാടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
വീടിന്റെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുമാണ് മോഷണം പോയത്. എന്നാൽ ലാപ്ടോപ് ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയിട്ടില്ല. വീടിന്റെ മുകൾ നിലയിലേക്ക് മോഷ്ടാവ് കയറിയിട്ടില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.പോലീസ് അന്വേഷണം ശക്തമാക്കി.

