വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് ഇടിഞ്ഞു

മുംബൈ: വില്‍പ്പന സമ്മര്‍ദ്ദം ബാങ്കിങ് ഓഹരികളെയും റിലയന്‍സ് ഓഹരിയെയും താഴേക്ക് വലിച്ചപ്പോള്‍ രണ്ടാം ദിവസവും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനാകാതെ വിപണി. കേരളത്തിലെ 13 കമ്പനികള്‍ ഇന്നലെ നില മെച്ചപ്പെടുത്തി. സ്‌കൂബിഡേയുടെ ഓഹരി വില 4.56 ശതമാനം ഉയര്‍ന്നു. സി.എസ്.ബി. ബാങ്കിന്റെ ഓഹരി വില 2.60 ശതമാനം ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വില 2.21 ശതമാനം താഴ്ന്നു.

ബാങ്ക്, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 396.34 പോയിന്റ് നഷ്ടത്തില്‍ 60,322.37 ലും നിഫ്റ്റി 110.30 പോയിന്റ് താഴ്ന്ന് 17,999.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീ സിമെന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എസ്.ബി.ഐ. തുടങ്ങിയ ഓഹരികള്‍ പ്രധാനമായും നഷ്ടം നേരിട്ടപ്പോള്‍, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് ഇന്നലെയും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില, വ്യാപാര അവസാനത്തില്‍ 10.7 ശതമാനം നേട്ടത്തില്‍ 1,332 രൂപയെത്തി.

പൊതുമേഖലാ ബാങ്ക് സൂചിക രണ്ടുശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, എനര്‍ജി, ഫാര്‍മ സൂചികകള്‍ ഒരുശതമാനം വീതം താഴ്ന്നു. അതേസമയം, ഓട്ടോ സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി. ബി.എസ്.ഇ. മിഡ്ക്യാപ് 0.22 ശതമാനം താഴ്ന്നപ്പോള്‍ സ്മോള്‍ ക്യാപ് നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →