അഹമ്മദാബാദ്: കോര്‍പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ നിരോധിച്ച് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രധാന റോഡരികിലെ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ ദേവാങ് ദാവി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ മാംസാഹാരം പൂര്‍ണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.വഡോദരക്ക് പുറമെ, രാജ്കോട്ടിലും തെരുവുകളില്‍ മാംസാഹാരം നിരോധിച്ച് ഉത്തരവിറങ്ങിയിരുന്നു. 15 ദിവസത്തിനുള്ളില്‍ വഡോദര നഗരസഭാ പരിധിയിലെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും ഒഴിവാക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ അധികൃതര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാംസാഹാരം നിരോധിച്ച് അഹമ്മദാബാദും വഡോദരയും
