എറണാകുളം: എറണാകുളം അയ്യമ്പുഴയിൽ തെഴിലാളികൾക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം.2021 നവംബർ 3ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. രാവിലെ റബ്ബർ തോട്ടത്തിൽ റബ്ബർ വെട്ടാനും മറ്റുമായി പോയ തൊഴിലാളികളെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജു എന്ന തൊഴിലാളിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ആഴമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു.ആന പാഞ്ഞടുക്കുന്നത് കണ്ട് തൊഴിലാളികൾ ചിതറിയോടുകയായിരുന്നു. പലർക്കും ഓടുന്നതിനിടയിൽ വീണും മറ്റുമാണ് പരിക്കേറ്റത്. തോട്ടത്തിനുള്ളിൽ കാട്ടാന തമ്പടിക്കുകയും അവിടെ ജോലിക്കെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നൽകിയിരുന്നു. പക്ഷെ, ഇതിന് പിന്നാലെ ഇന്ന് വീണ്ടും കാട്ടാന ആക്രമിക്കുകയായിരുന്നു.

