ബീജിങ്ങ്: കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന. മൃഗങ്ങളില്‍ നടത്തിയ മരുന്നുപരീക്ഷണം വിജയകരമായിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു. കൊവിഡ് 19 രോഗത്തിനെതിരേ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണു നടക്കുന്നത്. ഇതിനിടെയാണ് ചൈനയിലെ പ്രശസ്തമായ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മരുന്ന് വികസിപ്പിച്ചെടുത്തത്. രോഗമുക്തി വേഗത്തിലാക്കുക മാത്രമല്ല വൈറസില്‍നിന്ന് ഹ്രസ്വകാല പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മരുന്ന് വിജയകരമാണെന്ന് സര്‍വകലാശാലയിലെ ബീജിങ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ഡയറക്ടര്‍ സണ്ണി പറഞ്ഞു.
വൈറസ് ബാധിക്കുന്ന കോശങ്ങളെ തടയാന്‍ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ന്യൂട്രലൈസിങ് ആന്റിബോഡികള്‍ ഉപയോഗിച്ച മരുന്നാണിത്. രോഗം ഭേദമായ 60 രോഗികളുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി ഉപയോഗിച്ചാണ് മരുന്നു വികസിപ്പിച്ചെടുത്തത്. ചൈനയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനാല്‍ ഓസ്‌ട്രേലിയയിലും മറ്റ് രാജ്യങ്ങളിലുമായിരിക്കും ക്ലിനിക്കല്‍ ട്രയല്‍ നടത്തുകയെന്നും സണ്ണി സൂചിപ്പിച്ചു.
മനുഷ്യരില്‍ പരീക്ഷിക്കുന്ന തരത്തിലേക്ക് വികസിപ്പിച്ച അഞ്ച് കൊറോണ വൈറസ് വാക്‌സിനുകള്‍ ഇതിനകം ചൈനയിലുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഘടകത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള പരീക്ഷണവും ചികിത്സയില്‍ നിര്‍ണായകമാണ്. ചൈനയില്‍ 700ലധികം രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി ലഭിച്ചു. ഇത് നല്ല ചികിത്സാഫലങ്ങള്‍ കാണിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.