കോടതി വിധി യു എ പി എ ചുമത്തിയ സര്‍ക്കാരിനുള്ള തിരിച്ചടിയെന്ന് താഹ ഫസല്‍

തിരുവനന്തപുരം; പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസല്‍ ജയില്‍ മോചിതനായി. തന്റെ ജയില്‍മോചനം യു.എ.പി.എ ചുമത്തിയ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് താഹ പ്രതികരിച്ചു.

ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു.

യു.എ.പി.എയ്‌ക്കെതിരെ നിലപാടെടുക്കുകയും എന്നാല്‍, തങ്ങള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തുകയും സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് തന്റെ മോചനമെന്നും താഹ പറഞ്ഞു. രാജ്യത്ത് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും താഹ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും, എന്നാല്‍, സി.പി.ഐ.എം പ്രവര്‍ത്തകരായ തന്റെ സുഹൃത്തുക്കള്‍ ആദ്യാവസാനം വരെ കൂടെ നിന്നിരുന്നുവെന്നും താഹ പറഞ്ഞു.

28/10/21 വ്യാഴാഴ്ചയായിരുന്നു താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ മേല്‍കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ഹുഷൈബിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും താഹയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →