വയലാർ അവാർഡ് ബെന്യാമിന്

തിരുവനന്തപുരം : ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന്റെ “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്ക്. 45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 9-ാം തീയതി തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ സിംഫണിയിൽ കൂടിയ ജഡ്ജിംഗ് കമ്മിറ്റി “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” ശുപാർശ ചെയ്യുകയായിരുന്നു.

തുടർന്ന് ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു കൊണ്ട് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് അവാർഡ്. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥപൂർണ്ണവുമായ ശില്പമാണ് സമ്മാനിക്കുന്നത്.

അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുന്നതാണ്. ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവാർഡ് സമർപ്പണ ചടങ്ങിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →