ചെന്നൈ: പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടന്‍ അന്തരിച്ചു. 35 വര്‍ഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു. തിരുവാരൂര്‍ ജില്ലയിലെ നന്നിലത്ത് 1956ലാണ് ജനനം. 1985-ല്‍ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400-ലധികം സിനിമകളിലായി 1400-ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 5000-ലധികം ഭക്തിഗാനങ്ങളും ടി.വി. സീരിയലുകള്‍ക്കായി നൂറോളം ഗാനങ്ങളും രചിച്ചിട്ടുണ്ട്.എം.എസ്. വിശ്വനാഥന്‍, ഇളയരാജ, ദേവ, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 80-കളിലെ ഇളയരാജയുടെ പ്രധാന ഗാനങ്ങളുടെ രചയിതാവാണ്. പാട്ടുകളില്‍ പലതും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. എന്‍ രാസാവിന്‍ മനസിലേ (1991), തായകം (1996), നീയും നാനും (2010) എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് മൂന്നുതവണ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ ദയ പിറൈസൂടന്‍ സംഗീതസംവിധായകനാണ്.
തമിഴ് കവി പിറൈസൂടന്‍ അന്തരിച്ചു
