ന്യൂഡൽഹി: ഒടുവിൽ കോണ്‍ഗ്രസ് വിടുമെന്ന് വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് നിലപാടറിയിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് പോകില്ലെന്നും അറിയിച്ചു.
‘ഇത്രയും കാലം കോണ്‍ഗ്രസിനൊപ്പമായിരുന്നു ഞാന്‍. ഇനിയും അപമാനം സഹിച്ച് ഇവിടെ തുടരാനാകില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണിയും കമല്‍നാഥും അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയില്‍ തുടരുന്ന ക്യാപ്റ്റന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി 30/09/21 വ്യാഴാഴ്ച രാവിലെ അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കിടയിലും അതിര്‍ത്തി സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് നാലുമാസം അവശേഷിക്കെയാണ് സെപ്റ്റംബർ 18ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്.

