ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സംവരണത്തെ പിന്തുണച്ച അദ്ദേഹം കോടതികള്‍ക്ക് പുറമേ ലോ കോളേജുകളിലും ഈ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തേയും പിന്താങ്ങി.

എന്‍.വി. രമണയേയും സുപ്രീം കോടതിയില്‍ പുതുതായി ചുമതലയേറ്റ മറ്റ് ഒന്‍പത് ജഡ്ജിമാരേയും ആദരിച്ചുകൊണ്ട് വനിതാ അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇത് നിങ്ങളുടെ അവകാശമാണ്. ജുഡീഷ്യറിയിലും ലോ കോളേജുകളിലും സംവരണം ആവശ്യപ്പെടാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

50 ശതമാനം വനിതാ സംവരണം കോടതികളില്‍ ആവശ്യമാണെന്നും ഇത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

”കീഴ്‌ക്കോടതികളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകളുള്ളത്. ഹൈക്കോടതികളില്‍ ഇത് 11.5 ശതമാനമാണ്. സുപ്രീം കോടതിയില്‍ 11 മുതല്‍ 12 ശതമാനം വരെ മാത്രമാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 17 ലക്ഷം അഭിഭാഷകരുള്ളതില്‍ 15 ശതമാനം മാത്രമാണ് വനിതകളെന്നും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. കാള്‍ മാര്‍ക്‌സിന്റെ ചില വരികള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →