ആലപ്പുഴ: തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് ഊര്‍ജ്ജിത നടപടികളുമായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജിത നടപടികള്‍ക്ക് തുടക്കം കുറിച്ചു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ എ.ബി.സി. പദ്ധതിയും പഞ്ചായത്തില്‍ പുനരുജ്ജീവിപ്പിച്ചു. ജില്ലാ പഞ്ചായത്തും കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

തെരുവു നായ്ക്കള്‍ മൂലം റോഡപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം കുറയ്ക്കുന്നതിന്  നായ്ക്കള്‍ക്ക് റിഫ്ലക്ടീവ് കോളര്‍ ഇടുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. 

കണിച്ചുകുളങ്ങര മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍  പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാ ഭായി പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്നത് ഇവിടെയാണ്.  

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായ നായ്ക്കളെ തിരിച്ചറിയാനും രാത്രികാലത്ത് വാഹനയാത്രികര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും‍ കോളറുകള്‍ സഹായിക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോളര്‍ അപ്പ് സംഘടനയുടെ പ്രതിനിധി രാധിക വൊക്കാര്‍ക്കറാണ്  കോളറുകള്‍ സൗജന്യമായി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 100 കോളറുകളാണ് ഇവര്‍ ലഭ്യമാക്കിയത്. 

വളര്‍ത്തു നായ്ക്കള്‍ക്ക് കൃത്യസമയത്ത് പേ വിഷ പ്രതിരോധ വാക്‌സിന്‍ നല്‍കി ലൈസന്‍സ് എടുത്ത് വീട്ടില്‍ തന്നെ കെട്ടിയിട്ടു വളര്‍ത്താന്‍ നിര്‍ദേശം നല്‍കും. മത്സ്യ- മാംസ വില്‍പന കേന്ദ്രങ്ങള്‍ക്ക് സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ വില്‍പനക്കാര്‍ക്ക് പ്രത്യേകം നോട്ടീസ് നല്‍കും.

എ.ബി.സി. പദ്ധതിക്കായി പഞ്ചായത്ത് രണ്ടു ലക്ഷം രൂപ നേരത്തെ വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ഇനിയും വകയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പ്രീത അനില്‍, സുഖലാല്‍, രത്‌നമ്മ, വാര്‍ഡ് അംഗം രവി, മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →