കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നു നടക്കും.പരമോന്നത നേതാവായി സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുന്‍സാദയും ഭരണത്തലവനായി മുല്ല അബ്ദുല്‍ ഗനി ബറാദറും എത്തുമെന്നാണ് സൂചന. ഇറാനില്‍ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. പരമോന്നത നേതാവാണു രാഷ്ട്രീയ, മത,സൈനിക വിഷയങ്ങളില്‍ അവസാന അവസാന വാക്ക്. ഇതേ മാതൃകയിലായിരിക്കും അറുപതു വയസുകാരനായ അഖുന്‍സാദ പരമോന്നത നേതാവായി സ്ഥാനമേല്‍ക്കുക.ഓഗസ്റ്റിന് 15 ന് കാബൂള്‍ കീഴടക്കിയ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച രണ്ടാഴ്ചയിലേറേയായി നീളുകയാണ്. ഇറാനിലെ ഭരണനേതൃത്വത്തിന്റെ മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണു താലിബാന് ശ്രമം.15 വര്‍ഷമായി ബലൂചിസ്താനിലെ കച്ച്ലാക്കിലുള്ള പള്ളിലാണ് മുല്ലാ ഹിബത്തുല്ല അഖുന്‍സാദ സേവനമനുഷ്ടിക്കുന്നത്. താലിബാന്റെ സഹസ്ഥാപകനായ ബറാദര്‍ നിലവില്‍ സംഘടനയുടെ രാഷ്ട്രീയകാര്യ മേധാവിയാണ്. അഫ്ഗാന്റെ ഭാവി സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന ചര്‍ച്ചകളിലെ പ്രധാനിയായിരുന്നു. താലിബാന് മുന്‍മേധാവി മുല്ല മുഹമ്മദ് ഒമറിന്റെ മകന് മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവരും സര്‍ക്കാരില്‍ സുപ്രധാന സ്ഥാനങ്ങളിലുണ്ടാകും.
ഇറാന് മാതൃകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാന്
