തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം.
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം. ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി. അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാൽ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത് ശ്രദ്ധേയമായി.
പതിവിനു വിപരീതമായി കടുത്ത പരാമർശമാണ് ഉമ്മൻചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഉടനീളം അതൃപ്തി പ്രകടമായിരുന്നു. ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്.
എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല’- ഉമ്മൻചാണ്ടി പറയുന്നു.

