ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സി.സി.ഐ). ഡീലര്‍മാരുടെ ഡിസ്‌കൗണ്ട് നിയന്ത്രിച്ചതിനും പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വിപണി മത്സരം നിയന്ത്രിക്കാന്‍ ഇടപെട്ടതിനുമാണ് നടപടി. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഡിസ്‌കണ്ട് നടപ്പാക്കുന്നതിലെ ഇടപെടലിലൂടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം.എസ്.ഐ.എല്‍.) റീസെയില്‍ പ്രൈസ് മെയിന്റനന്‍സ് (ആര്‍.പി.എം.) മത്സരവിരുദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടെതായി കണ്ടെത്തിയെന്നും അതിനാല്‍ കമ്പനിക്ക് 200 കോടി രൂപ പിഴ ചുമത്തിയെന്നും സി.സി.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എം.എസ്.ഐ.എല്ലിന് ഡീലര്‍മാരുമായി കരാറുണ്ടെന്നും ഈ കരാര്‍ ഉപയോഗിച്ച് എം.എസ്.ഐ.എല്‍. നിര്‍ദ്ദേശിച്ചതിനപ്പുറം കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍നിന്നു ഡീലര്‍മാരെ കമ്പനി തടഞ്ഞെന്നും സി.സി.ഐ. കണ്ടെത്തി.ഈ ആരോപണങ്ങളെക്കുറിച്ച് 2019 ല്‍ തന്നെ സി.സി.ഐ. അന്വേഷണം ആരംഭിച്ചിരുന്നു. മാരുതി തങ്ങളുടെ ഡീലര്‍മാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്ന ഡിസ്‌കൗണ്ടുകള്‍ പരിമിതപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
ഡിസ്‌കൗണ്ടും വിപണി മത്സരം നിയന്ത്രിക്കലും മാരുതിക്ക് 200 കോടി പിഴ ചുമത്തി
