സാമാജികരുള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി വേണം- സുപ്രീം കോടതി

ന്യൂഡല്‍ഹി: എം.പിമാര്‍ക്കും എം.എല്‍.എമാരുമുള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീം കോടതി.സംസ്ഥാന സര്‍ക്കാരുകള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കുകയാണു ലക്ഷ്യം. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ച് നിര്‍ദേശിച്ചു.എം.പിമാരും എം.എല്‍.എമാരും പ്രതികളായ കേസുകളിലെ വിവരം സമര്‍പ്പിക്കാത്തതിനു സി.ബി.ഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാമാജികര്‍ക്കെതിരായ കേസുകള്‍ സംബന്ധിച്ച് വിവരം കൈമാറാന്‍ എല്ലാ ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍മാര്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി.എം.പിമാരും എം.എല്‍.എമാരും പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ചാണു സുപ്രീംകോടതിയുടെ നിര്‍ദേശം. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ക്രിമിനല്‍ നടപടി ചട്ടം 321 പ്രകാരം കേസുകള്‍ വ്യാപകമായി പിന്‍വലിക്കുന്നതായി അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. കേരള നിയമസഭാ െകെയാങ്കളി കേസിലെ സുപ്രീം കോടതി ഉത്തരവിലെ നിര്‍ദേശങ്ങളും അമിക്കസ് ക്യുറി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ 17 ശതമാനം വര്‍ധനയുണ്ടായെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹെക്കോടതികളുടെ അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →