ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കെതിരെ സമീപകാലത്ത് നടന്നിട്ടുള്ള പ്രചരണങ്ങള്‍ ആസൂത്രിതമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തി.സര്‍ക്കാര്‍ നടപടികളും രാജ്യത്തെ സംഭവങ്ങളും അടക്കം എല്ലാത്തിനെയും വര്‍ഗീയ ഉള്ളടക്കം നല്കി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ആണ് ഈ അക്കൗണ്ടുകളിലൂടെ ഉണ്ടായത്. ഇവയെല്ലാം ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചതാണെന്നും പാക്കിസ്ഥാനില്‍ നിന്നാണ് അവയെല്ലാം അപ്ലോഡ് ചെയ്തിരുന്നത് എന്നും കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്കി.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖരായവരുടെ പേരിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഒമാനിലെ രാജകുടുംബാംഗമായ വനിതയുടെ പേരില്‍ തുറന്ന വ്യാജ അക്കൗണ്ടിലൂടെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രചരിച്ചിരുന്നത്. ഇവരുടെ വാക്കുകള്‍ ശരിയാണെന്ന് വിശ്വസിച്ച് ഇന്ത്യക്കാരും മലയാളികളുമായ നിരവധി ആളുകള്‍ അനുകൂലമായി ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. രാജകുടുംബാംഗമായ വനിത ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു എങ്കിലും ആ അക്കൗണ്ടിലൂടെ അഴിച്ചുവിട്ട പ്രചരണം ആസൂത്രിതമായി ഏറ്റുപിടിച്ച് ഇപ്പോഴും തുടരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് നിരവധി ആളുകള്‍ സ്വന്തം അഭിപ്രായങ്ങള്‍ എഴുതി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാശ്മീരില്‍ മുസ്ലീങ്ങളെ വെടിവെച്ച് കൊല്ലുന്നു എന്ന് പ്രചരിപ്പിച്ചതിന് തെളിവായി കൊടുത്ത ചിത്രം, 2018 കാശ്മീരില്‍ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘവുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടേതായിരുന്നു.