ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ വിവാഹ സമ്പ്രദായങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സംഘടന. രാജ്യത്ത് നിലനിൽക്കുന്ന ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരെയാണ് യു എൻ മുന്നോട്ടുവന്നിരിക്കുന്നത്.
പള്ളിയോടനുബന്ധിച്ച ആശ്രമത്തിൽ പ്രസവിച്ച 14 വയസ്സുള്ള പെൺകുട്ടി മരിച്ചതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമർശനം. സംഭവത്തിൽ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തു വന്നിരുന്നു.
സിംബാബ്‌വെയിലെ അപ്പസ്തോലിക് സഭ ശൈശവ വിവാഹവും ബഹുഭാര്യത്വവും അനുവദിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹത്തിന് നേരെ സർക്കാർ കണ്ണടക്കുകയാണെന്ന് യു എൻ പ്രസ്താവനയിൽ പറയുന്നു.
സിംബാബ്‌വെയിൽ ഔദ്യോഗിക വിവാഹ നിയമത്തിനു പുറമെ ആചാരപരമായ വിവാഹ നിയമവും നിലവിലുണ്ട്. ഈ രണ്ട് നിയമങ്ങളിലും കുറഞ്ഞ വിവാഹ പ്രായം നിർവചിച്ചിട്ടില്ല. കൂടാതെ പരമ്പരാഗത നിയമം ബഹുഭാര്യത്വം അനുവദിക്കുകയും ചെയ്യുന്നു. നിയമങ്ങൾ സമന്വയിപ്പിക്കാനും 18 വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കാനും പാർലമെന്റിന് മുമ്പിലുള്ള ഒരു പുതിയ വിവാഹ ബിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ ഇത് നടപ്പിലാക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ ഗ്രാമീണ പ്രദേശമായ മാരാംഗിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി മെമ്മറി മച്ചായ 2021 ജൂലൈ മാസത്തിലാണ് മരണമടഞ്ഞത്. പ്രസവത്തെ തുടർന്ന് പള്ളിയുടെ ആശ്രമത്തിൽ മതിയായ ചികിത്സ പോലും കിട്ടാതെയായിരുന്നു ഈ കുട്ടിയുടെ മരണം. ” കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ അതീവ ആശങ്കയോടെയും ശക്തമായും അപലപിക്കുന്നു. നിർഭാഗ്യവശാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നിർബന്ധിത ശൈശവ വിവാഹങ്ങൾ നിയന്ത്രണമില്ലാതെ തുടരുന്നു” യു.എൻ. ഓഗസ്റ്റ് 7-ലെ പ്രസ്താവനയിൽ പറഞ്ഞു.
സിംബാബ്‌വെയിലെ മൂന്നിൽ ഒരു പെൺകുട്ടിയും 18 വയസ്സ് തികയുന്നതിനുമുമ്പ് വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് യു.എൻ പറയുന്നു.
പെൺകുട്ടിയുടെ മരണത്തിനു കാരണമായ സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പോലീസും രാജ്യത്തെ സംസ്ഥാന ലിംഗ കമ്മീഷനും അറിയിച്ചു.

