ന്യൂഡൽഹി: ഈ വർഷം ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ 5.98 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ ഒരു മാസക്കാലയളവിലെ സ്ഥിതി നോക്കുമ്പോള്‍ ഇപ്പോഴത്തെ നില മെച്ചപ്പെട്ടതായാണ് കാണുന്നത്. ജൂണില്‍ 10 ശതമാനത്തിന് തൊട്ടടുത്തായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
മഹാമാരിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ കാരണമായി പറയുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമല്ലെങ്കിലും വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
നഗരങ്ങളിലെ തൊഴിലില്ലായ്മ തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ 7.94 ശതമാനമായിരുന്നത് 8.01 ശതമാനമായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലെ 5.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ 6.75 ശതമാനമായി ഉയര്‍ന്നു.