തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് 25/07/21 ഞായറാഴ്ച അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
സിപിഐഎമ്മിന്റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര് സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗമാണ്.
നേരത്തെ കേസിലെ 6 പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ നിക്ഷേപങ്ങളുടെയടക്കം നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. പ്രതികളായ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
അതിനിടെ, മൊഴിയെടുക്കാന്‍ വിളിപ്പിച്ച ഭരണ സമിതി അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഞായറാഴ്ച രാവിലെ നേരിട്ട് ഹാജരാവാനായിരുന്നു ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നത്.

