കൊച്ചി: ലോക്ക്ഡൗൺ ദിനമായ 25/07/2021 ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാഗം പാർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിളർപ്പ് പൂർത്തിയാക്കിയത്.
Read Also: മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി.
ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയതായി കാസിം ഇരിക്കൂർ അറിയിച്ചു. നിലവിലെ വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിട്ടുണ്ട്. പാർട്ടി പ്രസിഡൻ്റിനൊപ്പം 7 സെക്രട്ടേറിയേറ്റ് മെമ്പർമാരെ പുറത്താക്കിയതായും കാസിം ഇരിക്കൂർ വ്യക്തമാക്കി.

