കോഴിക്കോട്: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തര പരിഗണന നൽകി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. അഡ്വ.കെ.എം.സച്ചിൻ ദേവ് എംഎൽഎയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എസ്റ്റേറ്റ്മുക്ക് മുതൽ കക്കയം ഡാം വരെ 31 കിലോമീറ്റർ നീളത്തിൽ ഡാം സൈറ്റിലേക്കുള്ള പ്രധാന റോഡാണ് എകരൂൽ കക്കയം ഡാം സൈറ്റ് റോഡ്. എകരൂൽ മുതൽ 28-ാം മൈൽ വരെ നവീകരിക്കുന്നതിന് 2021 -22 ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
28-ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം ഹിൽ ഹൈവെയുടെ ഭാഗമായി നവീകരിക്കും. ഇത് ഇപ്പോൾ കിഫ്ബിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള 17 കിലോമീറ്റർ കിഫ്ബിയിലോ റീബിൽഡ് കേരളയിലോ ഉൾപ്പെടുത്തി നവീകരിക്കും. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഉടനടി അറ്റകുറ്റപ്പണി ചെയ്തു ഗതാഗതയോഗ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബാലുശ്ശേരി ടൗൺ നവീകരണ പ്രവർത്തി സന്ദർശിച്ചതിനു ശേഷം എം.എൽ.എ ഓഫീസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. അടിയന്തരമായി പ്രവർത്തി പൂർത്തീകരിക്കണമെന്ന് മന്ത്രി കരാറുകാരന് നിർദ്ദേശം നൽകി. ആഗസ്റ്റ് 30നുള്ളിൽ പ്രവർത്തി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ അറിയിച്ചു. ടൗണിലെ ഫുട്പാത്തിൽ ടൈൽ വിരിക്കൽ, കൈവരി സ്ഥാപിക്കൽ, ഐറിഷ് ഡ്രൈൻ എന്നിവയാണ് പൂർത്തികരിക്കാനുള്ളത്. മൂന്ന് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട് റോഡിന്റെ 233 കോടിയുടെ നവീകരണ പ്രവർത്തി വേഗത്തിൽ ആരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബാലുശ്ശേരി-കൂട്ടാലിട-കൂരാച്ചുണ്ട് റോഡിൽ ഏഴ് കോടിയുടെ നവീകരണ പ്രവർത്തിയാണ് നടക്കുന്നത്. ആഗസ്റ്റ് 30 നകം പ്രവർത്തി പൂർത്തീകരിച്ച് പൊതുജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് കരാറുകാരന് മന്ത്രി നിർദ്ദേശം നൽകി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി, സുപ്രണ്ടിംഗ് എഞ്ചിനിയർ റോഡ്സ് വിശ്വ പ്രകാശ് ഇ.ജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എഞ്ചിനിയർ ഷാജി തയ്യിൽ തുടങ്ങിയ ഉദ്യോഗസ്ഥരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.