ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐസിസി പ്രഖ്യാപിച്ചു. ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് അരങ്ങേറുന്നത്.
ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നതാണ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന കാര്യം. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം.പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
എന്നാല്‍ ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.
യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.
നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടിയിരുന്നു.

