സ്വാഭാവിക അഭിനയത്തികവിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച് കൊണ്ട് മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയിൽ എത്തിയിരിക്കുന്ന നടി നിമിഷ സജയൻ ദേശീയ പുരസ്കാര സംവിധായകൻ ഒനീറിന്റെ വി ആർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് കാലെടുത്തു വെയ്ക്കുന്നു. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മാലിക്ക് അടുത്തയാഴ്ച ഓടി പ്ലാറ്റ്ഫോമിൽ എത്താനിരിക്കെയാണ് നിമിഷ ഹിന്ദിയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ആന്തോളജി ശൈലിയിൽ നാല് വ്യത്യസ്ത കഥകൾ ചേർന്ന വി ആർ എന്ന ചിത്രം ഒനീർ സംവിധാനം ചെയ്തത ഐ ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണ്. ദേശീയതലത്തിൽ തന്നെ ചർച്ച നേടിയ നിമിഷയുടെ കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടി നൊപ്പം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നിമിഷ വളരെ ചെറിയ കാലം കൊണ്ട് തന്നെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഉൾപ്പെടെയുള്ളവ നടിയെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഈട, കുപ്രസിദ്ധപയ്യൻ , നായാട്ട്, ചോല തുടങ്ങിയവയാണ് നിമിഷയുടെ പ്രധാന സിനിമകൾ .