വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി ഫൈസറും ബയോണ്‍ടെക്കും. മൂന്നാം ഡോസ് വാക്സിന് പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് കമ്പനികളുടെ വാദം. ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5-10 ഇരട്ടി വര്‍ധിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തരം പഠനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഡെല്‍റ്റ വകഭേദത്തിനെതിരേ പ്രത്യേക വാക്സിന് വികസിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി. രോഗവ്യാപന ശേഷി കൂടിയ വകഭേദമായ ഡെല്‍റ്റ ഇന്ത്യയില്‍ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് ലോക രാജ്യങ്ങള്‍ വീണ്ടും മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നത്.

