സൂര്യയുടെ സിനിമയ്ക്ക് വിലക്ക്; പ്രശ്‌നം സാങ്കേതികവിദ്യകള്‍ തമ്മിലുള്ള മത്സരം

ചെന്നൈ: സൂര്യയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് ആമസോണ്‍ പ്രൈം ടൈം മൂവി എന്ന OTT പ്ലാറ്റ്‌ഫോമില്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഭാവിയില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു.

സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി എന്റര്‍ടൈന്‍മെന്റ്-നു വേണ്ടി സൂര്യയുടെ ഭാര്യ ജ്യോതിക നിര്‍മ്മിച്ച ‘പൊന്‍ മകള്‍ വന്താല്‍’ എന്ന സിനിമയാണ് ഓവര്‍ ദ ടോപ്(OTT) പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം മൂവീസില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തിയേറ്ററില്‍ പോയി സിനിമ കാണുന്ന പഴയ സാങ്കേതികവിദ്യയും വീട്ടിനുള്ളില്‍ സ്മാര്‍ട്ട് ടെലിവിഷനിലും ഹോം തിയേറ്ററിലും സിനിമ കാണുന്ന പുതിയ സാങ്കേതികവിദ്യയും തമ്മിലുള്ള മത്സരമാണ് ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്. അതിന് കാരണമായതോ കൊറോണ ബാധയും. കൊറോണ ബാധയെത്തുടര്‍ന്ന് സിനിമ തീയറ്ററുകള്‍ അടച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ തുറന്നുകൊടുക്കുന്ന മേഖലയിലായിരിക്കും ആളുകള്‍ ആയിരക്കണക്കിന് കൂടുന്ന എന്റര്‍ടൈമെന്റ് രംഗം എന്ന് എല്ലാവര്‍ക്കും അറിയാം. ഉടനെയെങ്ങും തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതയില്ല. കോവിഡ് ഭീതി നിലനില്‍ക്കുന്ന നാളുവരെ തീയേറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കും. ഇത് സിനിമരംഗത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നിര്‍മ്മാണ കമ്പനികളും സാങ്കേതിക വിദഗ്ധരും നടീനടന്മാരും എല്ലാം ഇതിന്റെ ഇരകളാണ്. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണിക്കുന്ന സാങ്കേതിക വിദ്യയില്‍ നിന്ന് വീട്ടില്‍ സിനിമ കാണിക്കുന്ന സാങ്കേതികവിദ്യയിലേക്ക് മാറിക്കഴിഞ്ഞാല്‍ സിനിമാ രംഗത്തെ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കപ്പെടും. സിനിമ ആസ്വാദകര്‍ക്ക് ലോക്ക് ഡൌണില്‍ വീട്ടിലിരുന്ന് റിലീസ് ചിത്രങ്ങള്‍ കാണാനാവും. തീയറ്റര്‍ തുറക്കുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമ കാണിക്കാതെ പുതിയ സാങ്കേതികവിദ്യയെ ആശ്രയിച്ച് സിനിമ പ്രേക്ഷകരിലെത്തിക്കാന്‍ ആണ് സൂര്യയും ഭാര്യ ജ്യോതികയും ശ്രമിക്കുന്നത്. ഇതിനെതിരെ ആക്ഷേപവുമായി രംഗത്തുള്ള തമിഴ്‌നാട് തീയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് പനീര്‍ശെല്‍വം പറയുന്നത് സൂര്യയുടെ ചിത്രങ്ങളും അവര്‍ നിര്‍മിക്കുന്ന ചിത്രങ്ങളും ഇനിമേലില്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക ഇല്ല എന്നാണ്.

സൂര്യയും തിയേറ്റര്‍ ഉടമ സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ട് സാങ്കേതികവിദ്യകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്

കൊറോണ സൃഷ്ടിച്ച ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറി തീരുവാന്‍ ലോകം നിര്‍ബന്ധിക്കപെടുകയാണ്. ഏറ്റവുമധികം പ്രതിഫലനങ്ങള്‍ ഉണ്ടായിരിക്കുന്നത് വാര്‍ത്താവിനിമയ മേഖലയിലാണ്. ഇന്ത്യയിലെമ്പാടും അച്ചടിച്ച പത്രങ്ങളുടെ സര്‍ക്കുലേഷന്‍, പരസ്യവരുമാനം, പേജുകള്‍, വിറ്റുള്ള വരുമാനം ഇവയെല്ലാം കുറഞ്ഞു. ധാരാളം പത്രങ്ങള്‍ നിലച്ചു. എന്നാല്‍ മറ്റൊരു സാങ്കേതികവിദ്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്- ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചാരത്തില്‍ മുന്നേറി. ഇതേപോലെ തന്നെ തീയറ്റര്‍ സിനിമ എന്ന പ്ലാറ്റ്‌ഫോം കൊറോണ കാലത്തെങ്കിലും OTT പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. സൂര്യയും തിയേറ്റര്‍ ഉടമ സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ട് സാങ്കേതികവിദ്യകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. സൂര്യ ജയിച്ചാലും കീഴടങ്ങിയാലും സാങ്കേതിക വിദ്യയുടെ ഈ മാറ്റം ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →