മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര് മുംബൈയിലെത്തി എൻ.സി.പി അധ്യക്ഷന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് വലിയ മാനങ്ങൾ കൽപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ. പുതിയ പടയൊരുക്കങ്ങളുടെ സാധ്യത പ്രവചിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. വെളളിയാഴ്ച(11/06/21) പവാറിന്റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2024 ലെ ലോക്സഭ തെരഞ്ഞെുടപ്പിന് മുന്നോടിയായി, പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ച് മോദിക്കെതിരായ പൊതുമുന്നേറ്റം ലക്ഷ്യം വെച്ചാണ് കുടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബംഗാളിൽ മമത ബാനർജി, തമിഴ്നാട്ടിൽ എം.കെ സ്റ്റാലിൻ എന്നിവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ ഇരുവരുടെയും വിജയത്തിൽ നന്ദി പ്രകാശിപ്പിക്കാനാണ് ശരദ് പവാറിനെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുവർക്കും പിന്തുണ നൽകിയ മുഴുവൻ നേതാക്കളെയും തുടർ ദിവസങ്ങളിൽ പ്രശാന്ത് കിഷോർ കാണുന്നുമുണ്ട്. എന്നാൽ, ഈ നീക്കം പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനാണെന്നാണ് സൂചന.
ബംഗാളിൽ ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് മിന്നുന്ന വിജയം നേടിയ മമത ബാനർജിയെ ഉയർത്തികാട്ടി മോദിക്കെതിരായ പ്രചാരണം തുടങ്ങുന്നതിന്റെ സാധ്യത പരിശോധിക്കാൻ കൂടിയാണ് പ്രശാന്ത് നേതാക്കളെ കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ബി.ജെ.പിയുടെ ശക്തമായ പ്രലോഭനങ്ങളിൽ പാർട്ടി ആടിയുലഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് ശേഷം വിശ്വസ്തരെ ഉൾപ്പെടുത്തി തൃണമൂൽ പുന:സംഘടിപ്പിച്ച മമത ബംഗാളിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ സൂചനകൾ നേരത്തെ നൽകിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നെ, യു.പിയിലടക്കം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് തിരിച്ചടി ഉണ്ടായില്ലെങ്കിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കടുത്തതാകും. ഇതുകൂടി മുന്നിൽ കണ്ടാണ് പ്രതിപക്ഷ നിര പുതിയ ഐക്യ സാധ്യത തേടുന്നത്.

