തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽ നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ വൈരുദ്ധ്യം ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു.
ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.
ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉണ്ടാകാറില്ല.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മരണക്കണക്കുകളിൽ വൻ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തതിൽ ഇക്കാര്യം വ്യക്തമാണ്.
മെയ് 12-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 70 മരണങ്ങൾ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങൾ മാത്രമാണ് അധികൃതർ അറിയിച്ചത്. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാൾ ഉയർന്നതുമാണ്.

