കണ്ണൂര്‍: രാജ്യത്തെ ആശങ്കയില്‍ ആക്കിയ ബ്ലാക്ക് ഫംഗസ് രോഗത്തിനുളള ചികിത്സാ മാര്‍ഗരേഖ തയ്യാറക്കിയ ഡോക്ടര്മാരിയില് മലയാളിയും. കണ്ണൂര്‍ കൂത്തുപറമ്പ് കോട്ടയം പൊയില്‍ സ്വദേശിയും ഋഷികേശ് എയിംസിലെ നേത്ര രോഗ വിദഗ്ദനുമായ ഡോ. അതുല്‍ എസ് പുത്തലത്തിനാണ് ഈ അപൂര്‍വ നേട്ടം. എയിംസില്‍ ആവിഷ്ക്കരിച്ച ചികിത്സാ രീതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തില്‍ ഈ മാര്‍ഗരേഖക്ക് രൂപം നല്‍കിയത്. ഈ മാര്‍ഗനിര്‍ദ്ദേശം പാലിച്ചാണ് ബ്ലാക്ക് ഫംഗസ് രോഗികളുടെ പരിചരണം.
ഒപ്താല്‍മോളജി, ഇ.എന്‍.ടി, ദന്തരോഗ വിഭാഗം, ന്യൂറോ സര്‍ജറി, മെഡിസിന് എന്നീ വിഭാഗങ്ങളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് മാര്‍ഗരേഖ. ഒപ്താല്‍ മോളജി വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഡോ. അതുലിന്റെതാണ്. നാലുവര്‍ഷമായി എയിംസില്‍ സീനിയര്‍ റസിഡന്റാണ് അതുല്‍. കോഴിക്കോട്ടെ പൂത്തലത്ത് ഹോസിപ്പിറ്റലിന്റെ ചെയര്മാന് ഡോ. സുരേഷ് പുത്തലത്തിന്റെയും ഗൈനക്കോളജിസ്റ്റ് ഡോ. ബാല ഗുഹന്റെയും മകനാണ്. ഡോ. തൃഷ ഭാര്യയും ഷിവാന്‍ മകനുമാണ്
ഉത്തരാഖണ്ഡ് സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്നോളജി കോണ്‍ഗ്രസിന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, നാഷണല്ബയോ മെഡിക്കല്‍ റിസര്‍ച്ച് കോംപറ്റീഷനില്‍ രണ്ടുതവണ യംഗ് റിസര്‍ച്ച് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ചവര്‍ക്ക് നല്കുന്ന മരുന്നുകളില്‍ ഏറിയപങ്കും സ്റ്റിറോയിഡുകളാണ്. ഇത് പ്രമേഹം കൂടാന്‍ ഇടയാക്കും. അതോടെ ബ്ലാക്ക് ഫംഗസ് കണ്ണിനെ ബാധിക്കാനിടയാക്കുമെന്നാണ് അതുലിന്റെ കണ്ടെത്തല്‍. വസ്ത്രങ്ങളും പുതപ്പും കിടക്കവിരിയും നനവുപറ്റാതെ വൃത്തിയായി സൂക്ഷിക്കുക, കോവിഡ് ബാധിച്ച പ്രമേഹ രോഗികള്‍ നനവുളള സ്ഥലങ്ങളില്‍ പോവാതിരിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കോവിഡ്മൂലം പ്രതിരോധ ശേഷി കുറയുന്നവരിലാണ് രോഗബാധക്ക് സാധ്യത കൂടുതല്‍. നെഗറ്റീവായവര്‍ക്കും ബാധിക്കാം. എന്നാല്‍ ഭയപ്പാട് വേണ്ടെന്നും പ്രമേഹമുളളവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പുനല്കുന്നു.

