പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ന്മെന്റ് സോണായിരുന്ന പുതുശ്ശേരിമല ഏഴാം വാര്‍ഡിലെ കോവിഡ് പോസിറ്റീവ് ആയിരുന്നവരുടെ വീടുകളും പൊതുസ്ഥലങ്ങളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
റാന്നി ഗ്രാമപഞ്ചായത്ത് മുഖേന വാങ്ങിയ ഫോഗിംങ് മെഷീനും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് വാര്‍ഡിലെ സന്നദ്ധസേനാ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അണുനശീകരണം നടത്തിയത്. വാര്‍ഡിലെ പൊതു ഇടങ്ങളായ റേഷന്‍ കട, വെയിറ്റിംഗ് ഷെഡ്, ബേദല്‍ മര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളും നേരത്തെ കോവിഡ് പോസിറ്റീവായ 23 പേരുടെ വീടുകളുമാണ് കോവിഡ് പ്രതിരോധ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തിയത്.
റാന്നി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പുതുശ്ശേരിമല ഏഴാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി നേരത്തെ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഇവിടെ കുറയ്ക്കാനായി.

