പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ മെയ് 19 മുതൽ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
റേഷൻ കാർഡ് നമ്പരിന്റെ അവസാനത്തെ അക്കത്തെ അടിസ്ഥാനമാക്കിയാണ് റേഷൻ കടകളിൽ പ്രവേശാനാനുമതി നൽകുക. ഇതുപ്രകാരം 1, 2, 3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളിൽ ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും 4, 5, 6 അക്കങ്ങളിൽ അവസാനിക്കുന്നവർ ബുധൻ, വ്യാഴം ദിവസങ്ങളിലും 7, 8, 9, 0 അക്കങ്ങളിൽ അവസാനിക്കുന്നവർ വെള്ളി, ശനി ദിവസങ്ങളിലും റേഷൻകാർഡ് കടകളിൽ എത്തി സാധനങ്ങൾ വാങ്ങാവുന്നതാണ്. ഒരേസമയം റേഷൻകടകളിൽ മൂന്നിൽ അധികം പേർ നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.
വല്യങ്ങാടിയിലും മത്സ്യ മാർക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പിന്നീട് യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആര്.വിശ്വനാഥ്, എ.ഡി.എം മെഹറലി.എന്‍.എം, ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ. റീത്ത.കെ.പി എന്നിവർ പങ്കെടുത്തു.

