തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ കെ രാധാകൃഷ്ണന് ലഭിക്കും. നേരത്തെ വി ശിവന്‍കുട്ടിക്ക് ദേവസ്വം മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
പൊതുമരാമത്ത് വകുപ്പ്/ ടൂറിസം വകുപ്പ് മന്ത്രിയായി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന് വനം വകുപ്പ് മന്ത്രിയാവും.
വീണ ജോര്‍ജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്. ആറന്മുളയില് നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.
വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തേക്കാമെന്നായിരുന്നു സൂചന. എന്നാല്‍ വിദ്യാഭ്യസ വകുപ്പ് വി ശിവന്‍കുട്ടി കൈകാര്യം ചെയ്യും. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടരും. ആര് ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.

