ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് പുതിയ വെല്ലുവിളി

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി (കോശങ്ങള്‍ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം. വൊറികോണസോള്‍ തെറാപ്പിക്ക് വിധേയമായവര്‍, ഡയബെറ്റിസ് മെലിറ്റസ് രോഗികള്‍ (ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരേയും രോഗം ബാധിക്കാം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടാന്‍ പോലും കാരണമാകും. ബ്ലാക് ഫംഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. കൊവിഡ് മുക്തരായ പ്രമേഹരോഗികളില്‍ ഹൈപ്പര്‍ ഗ്ളൈസീമിയ നിയന്ത്രിക്കണം. കോവിഡ് രോഗം വന്ന് ഭേദമായവരിലാണ് ഇപ്പോള്‍ ഈ ഫംഗസിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.

ഗുജറാത്ത്, യുപി, ഡല്‍ഹി തുടങ്ങിയ 14 സംസ്ഥാനങ്ങളില്‍ മ്യൂകോർമൈക്കോസിസ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് രോഗാണു നമ്മുടെ ശരീരത്ത് പ്രവേശിക്കുന്നതോടെ വലിയൊരു ഫൈറ്റ് നടക്കുന്നു. അനന്തരം ശരീരത്തിന്റെ പ്രതിരോധശക്തിയില്‍ കാര്യമായ കുറവുവരുന്നു. ഇതാണ് ഫംഗസ് അവസരമാക്കുന്നത്. കോവിഡ് രോഗിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്നതോടെ ആശുപത്രികളില്‍ ഓക്‌സിജന്‍ നല്‍കാറുണ്ടല്ലോ. ശുദ്ധമായ ഡ്രൈ ഓക്‌സിജനല്ല ചികിത്സയുടെ ഭാഗമായി രോഗിക്ക് ശ്വാസകോശത്തിലേക്കു നല്‍കുന്നത്. മറിച്ച് അല്‍പം നനവുള്ള ഓക്‌സിജനാണ്. അങ്ങനെ ഓക്‌സിജന്‍ നല്‍കുമ്പോള്‍ വൃത്തിഹീനമായ ഉപകരണങ്ങളും അന്തരീക്ഷവുമാണെങ്കില്‍ ബ്ലാക് ഫംഗസ് ബാധിക്കുന്നതിന് സാധ്യതയുണ്ടെന്ന് പറയാം. അതുപോലെതന്നെ കഫക്കെട്ട് ഇല്ലാതാക്കാന്‍ ആവിപിടിക്കുമ്പോള്‍ വെള്ളം ശുദ്ധമായതും നല്ലതുപോലെ തിളപ്പിച്ചാറിയതുമായിരിക്കണം.

സാധാരണ നാം കാണാറുള്ളത് വെളുപ്പ് നിറമുള്ള ഫംഗസ് ആണ്. എന്നാല്‍, ഇപ്പോള്‍ പരാമര്‍ശ വിഷയമായത് കറുപ്പ് നിറത്തിലുള്ള ഫംഗസ് ആണ്. ഈ ഫംഗസ് തലയോട്ടിയുടെ അറകളെയും ശ്വാസകോശത്തെയുമാണ് ഏറിയകൂറും ബാധിക്കുന്നത്. രോഗബാധയുണ്ടാവുന്നതോടെ കണ്ണിനു ചുറ്റിലും മൂക്കിലും നീര്, ചുവപ്പു നിറം എന്നിവ പ്രത്യക്ഷപ്പെടുന്നു. കണ്ണിലും മൂക്കിലും കലശലായ വേദന, ചുമ, ശ്വാസംമുട്ടല്‍, വായിലോ മൂക്കിലോ കറുത്ത ഫംഗസിന്റെ സാന്നിധ്യം, ഛര്‍ദിയില്‍ രക്തത്തിന്റെ അംശം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയും അനുഭവപ്പെടുന്നു. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ട്രീറ്റ്‌മെന്റ് നടത്തണം. വൈകിയാല്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം. ശ്വാസകോശത്തെയോ തലച്ചേറിനെയോ ബാധിച്ചാല്‍ മരണംതന്നെ സംഭവിക്കാം. ഉയര്‍ന്ന നിരക്കിലുള്ള പ്രമേഹം(ഷുഗറിന്റെ അളവ് 200 മുകളില്‍) ഉള്ളവര്‍ക്ക് ഫംഗസ് സാധ്യതയും തന്മൂലം മരണനിരക്കും കൂടുതലാണ്. ഓര്‍ഗന്‍ ട്രാന്‍സ് പ്ലാന്റ് ചെയ്തവരിലും കാന്‍സര്‍ രോഗികളിലും ഇത് കൂടുതല്‍ അപകടകാരിയാണ്. മരണനിരക്ക് അവരില്‍ 50 മുതല്‍ 80 ശതമാനംവരെ ഉയര്‍ന്നേക്കാം. അങ്ങനെയുള്ളവര്‍ വീടിനു പുറത്തുപോവുമ്പോള്‍ നിര്‍ബന്ധമായും എന്‍- 95 മാസ്‌ക് ധരിക്കുക, അല്ലെങ്കില്‍ രണ്ട് സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുക. കൊവിഡ് ഭേദമായവരില്‍ കാലിലോ കൈയിലോ മുറിവുണ്ടായാല്‍ അവര്‍ പുറത്തുപോവുമ്പോള്‍ അറ് ആഴ്ചത്തേക്ക് ബൂട്ട്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക. പുറത്തുപോയിട്ട് തിരികെവന്നാല്‍ വൃത്തിയായി കുളി കഴിഞ്ഞുമാത്രമേ വീടിനുള്ളില്‍ പ്രവേശിക്കാവൂ. മാലിന്യ കൂമ്പാരത്തിനടുത്തോ പൊടിപടലങ്ങള്‍ ഉയരുന്ന ഫാക്ടറികള്‍ക്ക് സമീപമോ താമസിക്കുന്നവര്‍ കൂടുതല്‍ സൂക്ഷിക്കണം.

ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളില്‍നിന്നു പകരുന്നതായും സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണം. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍തന്നെ ചികിത്സിക്കണം. മ്യൂകോർമൈക്കോസിസ് ഭേദപ്പെടുത്താനുള്ള ഔഷധങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സ്വയം ചികിത്സ പാടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1, സ്റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക.
2, ഓക്‌സിജന്‍ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
3, ആന്റിബയോട്ടിക്ക്, ആന്റി ഫംഗല്‍ മരുന്നുകള്‍ വിവേകത്തോടെ മാത്രം ഉപയോഗിക്കുക.
4, എല്ലാ മൂക്കടപ്പും ബാക്ടീരിയല്‍ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക. (പ്രത്യേകിച്ച് ഇമ്യൂണോ മോഡുലേറ്റര്‍ ഉപയോഗിക്കുന്ന കൊവിഡ് രോഗികള്‍, ഇമ്യൂണോസ പ്രസന്റ്‌സ് ഉപയോഗിക്കുന്നവര്‍)
5, രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ കാണുക.

Share

About തോമസ് ജോസഫ്‌

View all posts by തോമസ് ജോസഫ്‌ →