ഇടുക്കി: നഴ്‌സസ് ദിനത്തില്‍, നഴ്‌സുമാര്‍ക്ക് നാല് പ്രതിനിധികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ ആദരം

ഇടുക്കി: മരുന്നിനേക്കാള്‍ മധുരതരമായ പെരുമാറ്റത്തിലൂടെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നഴ്‌സ് സമൂഹത്തിന് അനുമോദനമേകാന്‍ ലഭിക്കുന്ന അവസരം തന്നെ അഭിമാനകരമാണെന്നും, നഴ്‌സ് സമൂഹത്തിന്റെ പ്രതിനിധികളായെത്തിയ നഴ്‌സുമാരിലൂടെ ലോകനഴ്‌സസ് ദിനത്തില്‍ അവരെ ആദരിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെത്തന്നെ നഴ്‌സസ് സമൂഹത്തിന് മാതൃകയാകട്ടെ ഇടുക്കി ജില്ലയിലെ നഴ്‌സുമാരുടെ പ്രവര്‍ത്തനവും പെരുമാറ്റവുമെന്ന് ആശംസിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഭരണകൂടം ലോക നഴ്‌സസ് ദിനത്തില്‍ ജില്ലയിലെ നഴ്‌സുമാരെ ആദരിക്കാന്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കലക്ട്രേറ്റില്‍ നടത്തിയ ലളിതമായ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വിപുലമായി നടത്തേണ്ടിയുരുന്ന ചടങ്ങ് കോവിഡിന്റെ പാശ്ചാത്തലത്തില്‍ പ്രതീകാത്മകമായി നടത്തുകയായിരുന്നു. തിരഞ്ഞെടുത്ത നഴ്‌സുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പീരുമേട് താലൂക്ക് ആശുപത്രിയിലെ നിഷ റ്റി.വി, പുറപ്പുഴ കമ്മ്യൂണിറ്റി സെന്ററിലെ ഏല്യാമ്മ വി.സി, അടിമാലി താലൂക്ക് ആശുപത്രിയിലെ ഓമന എം. കെ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഷീല്‍ഡും ജില്ലാ വിമണ്‍സ് കൗണ്‍സിലിന്റെ അനുമോദന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.  

മുട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ എം കെ മേഴ്‌സിക്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയില്ല.  നഴ്‌സിങ്ങിനെ കാരുണ്യത്തിന്റേയും അര്‍പ്പണബോധത്തിന്റേയും പുണ്യ കര്‍മ്മമായി മാറ്റിയ ഫ്‌ളോറന്‍സ് നൈറ്റിങ്ങിലിന്റെ ദീപ്തസ്മരണയും അനുകരണീയ മാതൃകയും പിന്തുടരുന്ന നഴ്‌സസ് സമൂഹത്തിന്റെ പ്രതീകമായാണ് ജില്ലയില്‍ നാലുപേരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയ്‌ക്കെതിരെ രാവും പകലുമില്ലാതെ പോരാടുന്ന എല്ലാ നഴ്‌സുമാര്‍ക്കുള്ള ആദരമാണിതെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ വിമണ്‍സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ വിമണ്‍സ് കൗണ്‍സില്‍ ജോ. സെക്രട്ടറി ഗ്രേസ് ആന്റണി, ഡെ. കലക്ടര്‍മാരായ എസ്. ബിന്ദു, ടി.വി. രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ഡി പിഎം ഡോ. സുജിത് സുകുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നിഷാദ്‌മോന്‍ വി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →