കൊച്ചി: കൊച്ചിയിലെ ഗോശ്രീ പാലം മരണമുനമ്പായി മാറുന്നു. ഒറ്റദിവസം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തില്‍ സംഭവിച്ചത്. കോവിഡ് ബാധിതനായതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്ത മുളവുകാട് സ്വദേശി വിജയന്, കുടുംബ പ്രശ്നങ്ങള്‍ കാരണം കായലിലേക്ക് ചാടിയ പളളിപ്പുറം സ്വദേശിനി ബ്രയോണാ മരിയോ എന്നിവരാണ് മരിച്ചത്. കൂടാതെ ഒരു അജ്ഞാത മൃതദേഹവും ഗോശ്രീ പാലത്തിന് കീഴെ കണ്ടെത്തി.
ഓട്ടോഡ്രൈവറായ വിജയന് പാലത്തിന് കീഴെ തൂങ്ങി മരിക്കുകയായിരുന്നു. കോവിഡ് ബാധിതനാണെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രോഗബാധ അറിഞ്ഞതുമുതല്‍ വിജയന് ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.രാത്രിമുതല്‍ ലിജയനെ കാണാനില്ലായിരുന്നു.. പുലര്‍ച്ചെ പാലത്തില്‍ നിന്ന് താഴേക്ക് കയറില്‍ തൂങ്ങിയ നിലയില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
പോലീസെത്തി വിജയന്റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് ഒരു യുവതി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പോലീസും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും 26 വയസുകാരി ബ്രയോണ മരിയ പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരനായ അജിത് കൂടെ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പളളിപ്പുറം സ്വദേശിനിയായ ബ്രയോണ കുടുംബ വഴക്കില്‍ മനം മടുത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
രാവിലെ ഡിപി വേള്‍ഡിനോട് ചേര്‍ന്ന് അജ്ഞാത മൃതഗേഹം പോലീസ് കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മരണവും തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

