ചെങ്ങന്നൂര്‍ : ബൈക്കപകടത്തില്‍ പെട്ട ആളിന്റെ രക്ഷകനായെത്തിയ യുവാവ് മൂന്നുപവൻ സ്വര്‍ണവുമായി കടന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ചെങ്ങന്നൂര്‍ നഗരത്തിലായിരുന്നു സംഭവം. നഗരത്തില്‍ ഓക്സിജനിലെ ജീവനക്കാരനായ ജിബിന്‍ ആണ് അപകടത്തില്‍ പെട്ടത്. പത്തനംതിട്ടയിലെ എഴുമറ്റൂരില്‍ നിന്നും ജോലിക്കായി ബൈക്കില്‍ വരുമ്പോള്‍ അങ്ങാടിക്കല്‍-പുത്തന്‍കാവ് റോഡില്‍ കത്തോലിക്കപ്പളളിക്കുസമീപം എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ ഉടന്‍ തന്നെ അപകടത്തില്‍ പെട്ട കാറില്‍ വന്നവരും മറ്റുരണ്ടു പേരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എക്സ്റേ എടുക്കാന്‍ കയറ്റിയപ്പോള്‍ മൂന്നുപവനോളം വരുന്ന സ്വര്‍ണമാല സഹായിയായി വന്ന യുവാവിനെ ഏല്‍പ്പിച്ചിരുന്നു. ഇതുമായാണ് സഹായി കടന്നത്.
അപകടത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലാണ് ജിബിനെ പ്രവേശിപ്പിച്ചതെങ്കിലും ഓര്‍ത്തോ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ തിരുവല്ലാ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയമെല്ലാം സഹായിയായിരുന്ന യുവാവ് സജീവമായി കൂടെയുണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സുഹൃത്തായ രാജീവാണ് ജിബിനെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഹായിയായ യുവാവും കാറില്‍ കൂടെയുണ്ടായിരുന്നു. കാഷ്വാലിറ്റിയില്‍ കയറുമ്പോള്‍ യുവാവാണ് കൂടെ ഉണ്ടായിരുന്നത്. രാജീവ് ഇവരെ കാഷ്വാലിറ്റിയില്‍ ഇറക്കിയ ശേഷം കാര്‍ പാര്‍ക്കുചെയ്യാനായി പോയി തിരികെ വന്നപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം കാഷ്വാലിറ്റിയില്‍ കയറാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഈ സമയം ജിബിന്റെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.
ഏതാണ്ട് 12 മണിയായപ്പോള്‍ സഹായിയായി വന്ന യുവാവ് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് തന്നെ ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിവരെ കാറില്‍ കൊണ്ടുപോയാക്കി. തന്റെ പേര് അനന്തുവെന്നാണെന്നും ആറന്മുളയില് ഒരാളുടെ ടിപ്പര്‍ ഓടിക്കുകയാണെന്നും യുവാവ് രജീവിനോട് പറഞ്ഞിരുന്നു. രാജീവ് തിരികെ പുഷ്പഗിരിയിലെത്തിയപ്പോഴാണ് സഹായി സ്വര്‍ണവുമായിട്ടാണ് കടന്നതെന്ന വിവരം അറിയുന്നത്. അയാള്‍ നല്കിയ ഫോണ്‍ നമ്പരും തെറ്റായിരുന്നു. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി .തട്ടിപ്പുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനിലോ 9562236309 എന്ന നമ്പരിലോ അറിയിക്കുക.