ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന ഇടഞ്ഞു. താവളത്തില്‍ നിന്നും ഓടിയ ആന കുളത്തിലിറങ്ങി നീരാട്ടുനടത്തി. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വലിയ മാധവന് എന്ന കൊമ്പനാണ് ഇടഞ്ഞോടി കുളത്തിലിറങ്ങിയത്. ഒന്നരമണിക്കൂര്‍ നേരത്തെ നീരാട്ടിനുശേഷം സ്വയം കരക്കുകയറി കെട്ടുംതറയിലേക്ക് പോവുകയും ചെയ്തു.
രാവിലെ പാപ്പാന്മാര് കുളിപ്പിച്ച് പട്ടയും താങ്ങി കെട്ടുതറയിലേക്ക് കൊണ്ടു പോവുകയായിരുന്നു. കുളത്തിന് സമീപം എത്തിയതോടെ പട്ട താഴെയിട്ട് ആന ഓടി കുളത്തിലിലേക്കിറങ്ങി. ആനയെ കരക്കുകയറ്റാന്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ഫലമുണ്ടായില്ല. പഴങ്ങളും പട്ടയും നീട്ടി വിളിച്ചെങ്കിലും ആന കരക്കുകയറാതെ കുളിച്ചുതമിര്ക്കുകയായിരുന്നു. പാപ്പാന്മാര് നോക്കി നില്‍ക്കെ പത്തരയോടെ കുളത്തില്‍ നിന്ന് കരയ്ക്കുകയറിയ ആന പട്ടയും താങ്ങി അനുസരണയുളള കുട്ടിയെപ്പോലെ കെട്ടും തറയിലേക്ക് നടന്നു.