അമ്മാന്‍: ജോര്‍ദാന്‍ ഭരണാധികാരിയുമായ അബ്ദുല്ല രണ്ടാമനെ പുറത്താക്കാന്‍ ശ്രമിച്ച മുന്‍ കിരീടാവകാശിയും അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യു.എസ്. വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനുമായ ഹംസ ബിന്‍ ഹുസൈൻ രാജകുമാരന്‍ തടവില്‍. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.അബ്ദുല്ല രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണു ഹംസയ്ക്കെതിരായ ആരോപണം. മുന്‍ ധനമന്ത്രി ബസീം അബ്ദുള്ള, രാജകുടുംബാംഗം ഷരീഫ് ഹസന്‍ ബിന്‍ സെയ്ദ് എന്നിവരുടെ അറസ്റ്റ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടിമറി നീക്കത്തിനു വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്നും രാജകുടുംബത്തിലെ മറ്റു ചിലരും ഗോത്രത്തലവന്‍മാരും രാഷ്ട്രീയ സൈനിക നേതൃത്വത്തിലെ പ്രമുഖരും ഇതില്‍ പങ്കാളികളാണെന്നുമാണ് ജോര്‍ദാന്‍ അധികൃതര്‍ നല്‍കുന്ന സൂചന. കൂടുതല്‍ അറസ്റ്റുകള്‍ക്കു സാധ്യതയുണ്ടെന്നും ഹംസ രാജകുമാരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണു ചെയ്തിട്ടുള്ളതെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.