സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന 8850 കോടി രൂപയുടെ എഗ്രിമെന്റ് സർക്കാർ അദാനി ഗ്രൂപ്പുമായി ഒപ്പ് വെച്ചതായി രമേശ് ചെന്നിത്തല , ജനങ്ങളുടെ പോക്കറ്റില്‍ നിന്നും കൈയ്യിട്ട് വാരാന്‍ സര്‍ക്കാര്‍ അദാനിക്ക് സൗകര്യം ഒരുക്കിയെന്നും ആരോപണം

ആലപ്പുഴ: സർക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വൈദ്യുതി വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല 02/04/21 വെള്ളിയാഴ്ച ആരോപിച്ചു. 8850 കോടി രൂപയുടെ എഗ്രിമെന്റ് കെഎസ്ഇബി ഒപ്പ് വെച്ചതായാണ് ചെന്നിത്തലയുടെ ആരോപണം. 300 മെഗാവാട്ട് അദാനിയില്‍ നിന്ന് കൂടിയ വിലയില്‍ വാങ്ങുന്നതാണ് കരാര്‍. ഓരോ യൂണിറ്റിനും 1 രൂപയോളം കൂടുതല്‍ ഉപഭോക്താക്കള്‍ അദാനിക്ക് നല്‍കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറയുന്നു.

“സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍. നിലവില്‍ യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ സോളര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറെന്നു ചെന്നിത്തല ആരോപിച്ചു.

‘റിന്യൂവൽ പർച്ചേസ് ഒബ്ലിഗേഷ’ (RPO) ന്റെ മറവിലാണ് ഈ കരാര്‍. പാരമ്പര്യേതര ഊര്‍ജ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും. കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ് കരാർ. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8,850 കോടിയുടെ കരാറില്‍ അദാനിക്ക് 1,000 കോടിയിലേറെ രൂപയാണ് ലാഭം. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക്. അടിയന്തരമായി കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആർപിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളറില്‍ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും ഉള്‍പ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. 25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു.

അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനത്തിന്റെ പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ.” രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിലെ മോദിയുടെ രീതിയില്‍ പിണറായി കേരളത്തില്‍ ഭരണം നടത്തുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രസംഗിക്കുന്നതിന് എതിരായി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് സംസാരിച്ചിട്ട് സ്പ്രിംഗ്‌ളറിന് ഡേറ്റ കൈമാറുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →