ഹരിദ്വാർ (ഉത്തരാഖണ്ഡ്) / 2026 / നവംബർ 27
കൗമാരക്കാരായ പെൺകുട്ടികൾക്കും യുവതികൾക്കും തൊഴിൽപരിശീലനവും ഉപജീവന അവസരങ്ങളും നൽകുന്ന നവ്യ പദ്ധതിയുടെ രണ്ടാംഘട്ടം നവംബർ 28ന് തുടങ്ങും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയവും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും ചേർന്നാണ് നവ്യ 2.0 നടപ്പാക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഹരിദ്വാറിലെ ഉത്തരാഖണ്ഡ് സംസ്കൃത അക്കാദമി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. പരീക്ഷണഘട്ടത്തിലെ അനുഭവങ്ങൾ അടിസ്ഥാനമാക്കി 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 100 ജില്ലകളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പെൺകുട്ടികളുടെയും യുവതികളുടെയും ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി അവരുടെ കഴിവും ആത്മവിശ്വാസവും വളർത്തുകയാണ് ലക്ഷ്യം. സ്വന്തം കാലിൽ നിൽക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ സഹായിച്ച് സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനത്തിന് കരുത്തേകാനും പദ്ധതി ലക്ഷ്യമിടുന്നു.
അങ്കണവാടികളുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും
കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണ ദേവിയും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരിയും ചേർന്ന് നവ്യ 2.0 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നൈപുണ്യ വികസന സംരംഭകത്വ വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ജയന്ത് ചൗധരി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി കൂടിയാണ്. ഉത്തരാഖണ്ഡിലെ വനിതാ ശാക്തീകരണം, ശിശുവികസനം, ഭക്ഷ്യം, പൊതുവിതരണം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രി രേഖ ആര്യ പങ്കെടുക്കും. പഞ്ചായത്തീരാജ്, ദുരന്തനിവാരണം, പുനരധിവാസം, ആയുഷ്, ആയുഷ് വിദ്യാഭ്യാസം, പുനഃസംഘടന, ജനഗണന എന്നീ വകുപ്പുകളുടെ മന്ത്രി മദൻ കൗശിക്കും ഉത്തരാഖണ്ഡിൽ നിന്നുള്ള ലോക്സഭാംഗം ത്രിവേന്ദ്ര സിങ് റാവത്തും പങ്കെടുക്കും. ചടങ്ങിൽ സക്ഷം അങ്കണവാടി കേന്ദ്രങ്ങളും ഉത്തരാഖണ്ഡിൽ പി.എം. ജന്മൻ പദ്ധതിയിൽ നിർമിച്ച പുതിയ അങ്കണവാടികളും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.
പരീക്ഷണഘട്ടത്തിൽ പരിശീലനം നേടിയത് 1,200ഓളം പെൺകുട്ടികൾ
തൊഴിൽപരിശീലനത്തിലൂടെ യുവതികളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ആഗ്രഹങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയാണ് നവ്യ. വനിതാ ശിശുവികസന മേഖലയിലെയും നൈപുണ്യ വികസന മേഖലയിലെയും സംവിധാനങ്ങൾ ഇതിനായി രണ്ട് മന്ത്രാലയങ്ങളും ഒരുമിപ്പിക്കുന്നു. തൊഴിൽപരിശീലനത്തിനൊപ്പം ആത്മവിശ്വാസം വളർത്താനും കഴിവുകൾ മെച്ചപ്പെടുത്താനും ഭാവിയെക്കുറിച്ച് അറിഞ്ഞ് തീരുമാനമെടുക്കാനും പദ്ധതി സഹായിക്കുന്നു. പരീക്ഷണഘട്ടം 2025 ജൂൺ 24ന് ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് തുടങ്ങിയത്. 19 സംസ്ഥാനങ്ങളിലെ വികസന മുൻഗണനയുള്ള 27 ജില്ലകളെയാണ് അന്ന് ലക്ഷ്യമിട്ടത്. ഡ്രോൺ നിർമാണവും ഭാഗങ്ങൾ കൂട്ടിച്ചേർക്കലും, സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ജോലിയിൽ സഹായിക്കൽ, ഫാഷൻ ഡിസൈൻ തുടങ്ങിയ മേഖലകളിൽ 1,200ഓളം കൗമാരക്കാരായ പെൺകുട്ടികൾ പരിശീലനം നേടി. ഡിജിറ്റൽ സേവനങ്ങളും പണമിടപാടുകളും കൈകാര്യം ചെയ്യാനും ജോലിക്ക് തയ്യാറെടുക്കാനും സംരംഭം തുടങ്ങാനുമുള്ള അറിവിനും പ്രാധാന്യം നൽകി. ഇതിലൂടെ അവരുടെ ആത്മവിശ്വാസവും സാമൂഹികവും സാമ്പത്തികവുമായ സ്വയംപര്യാപ്തതയും വളർത്താനാണ് ശ്രമിച്ചത്.
ഇനി 25 വയസ്സ് വരെയുള്ളവർക്ക് അവസരം
രണ്ടാംഘട്ടത്തിൽ വികസന മുൻഗണനയുള്ള ജില്ലകൾക്കും സേവനങ്ങൾ എത്തിക്കാൻ പ്രയാസമുള്ള പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന നൽകും. നേരത്തേ 16 മുതൽ 18 വയസ്സ് വരെയുള്ളവർക്കായിരുന്നു യോഗ്യത. ഇനി 16 മുതൽ 25 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കും യുവതികൾക്കും പദ്ധതിയിൽ ചേരാം. വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജോലികളിലും പുതുതലമുറ തൊഴിലുകളിലും സ്ത്രീകൾ പതിവായി കടന്നുവരാത്ത തൊഴിൽ മേഖലകളിലും കൂടുതൽ പരിശീലന അവസരങ്ങൾ ലഭിക്കും. ജോലിയിൽ പ്രവേശിക്കാനും അപ്രന്റിസ്ഷിപ്പ് നേടാനും സ്വന്തം സംരംഭം തുടങ്ങാനുമുള്ള വഴികൾ വിപുലമാക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഒത്തുചേർന്ന് ജില്ലാതലത്തിൽ പദ്ധതി നടപ്പാക്കും. പരിശീലനത്തിലൂടെ പ്രതീക്ഷിക്കുന്ന ഫലം നേടാൻ ആവശ്യമായ പിന്തുണയ്ക്കും പ്രാധാന്യം നൽകും. ജില്ലാതല ഏകോപനവും നടത്തിപ്പും സുഗമമാക്കാൻ ഏകീകൃത പ്രവർത്തനരീതിയും കൊണ്ടുവന്നിട്ടുണ്ട്.
ചേരുന്നതു മുതൽ സർട്ടിഫിക്കറ്റ് വരെ ഡിജിറ്റൽ പിന്തുണ
പരിശീലന അവസരങ്ങൾ കണ്ടെത്താനും പദ്ധതിയിൽ ചേരുന്നതു മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെയുള്ള ഘട്ടങ്ങളിൽ സഹായം ലഭിക്കാനും സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് ഉപയോഗിക്കും. രജിസ്ട്രേഷൻ, ഹാജർ, പരിശീലനത്തിലെ പുരോഗതി, സർട്ടിഫിക്കറ്റ് വിതരണം എന്നിവ തത്സമയം നിരീക്ഷിക്കാം. ഇതിലൂടെ നടത്തിപ്പിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് ലക്ഷ്യം. ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കാവുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പരിശീലനം നേടിയവർക്ക് സ്വന്തം കഴിവുകൾ തെളിയിക്കാം. രണ്ട് മന്ത്രാലയങ്ങളും ചേർന്നുള്ള പ്രവർത്തനത്തിലൂടെ, പ്രത്യേകിച്ച് വികസന മുൻഗണനയുള്ളതും സേവനങ്ങൾ കുറവുള്ളതുമായ പ്രദേശങ്ങളിലെ പെൺകുട്ടികൾക്കും യുവതികൾക്കും കഴിവുകൾ പ്രയോജനപ്പെടുത്താനും ആഗ്രഹങ്ങൾ പിന്തുടരാനും അവസരമൊരുക്കും. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ സജീവമായി പങ്കാളികളാകാനും ഇത് സഹായിക്കും. ആഗ്രഹങ്ങളെ അവസരങ്ങളാക്കി, ആ അവസരങ്ങളിലൂടെ ഓരോ യുവതിക്കും സ്വന്തം ഭാവി രൂപപ്പെടുത്താനും വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനും വഴിയൊരുക്കുകയാണ് നവ്യ 2.0.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.