തിരുവനന്തപുരം, 2026 നവംബർ 26 –
അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് സുരക്ഷിതമായ ജീവിതവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘സ്പീക്ക് അപ്പ് ടു സ്റ്റാൻഡ് അപ്പ്’ എന്ന പേരിലുള്ള പദ്ധതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയാണ് പ്രഖ്യാപിച്ചത്. അതിജീവിതർക്ക് ജീവിതം പുനർനിർമിക്കാനും സ്വന്തം കാലിൽ നിൽക്കാനും ആവശ്യമായ പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവംബർ 25ന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നടന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ഓരോരുത്തർക്കും പ്രത്യേക പുനരധിവാസ പദ്ധതി
ഓരോ അതിജീവിതയുടെയും ആവശ്യങ്ങളും താൽപര്യങ്ങളും കഴിവുകളും വിലയിരുത്തിയാകും സഹായം നൽകുക. അവരുടെ അറിവോടെയും സമ്മതത്തോടെയും വ്യക്തിഗത പുനരധിവാസ പദ്ധതി തയ്യാറാക്കും. സുരക്ഷിത താമസം, കൗൺസിലിങ്, മാനസിക-സാമൂഹിക പിന്തുണ, സൗജന്യ നിയമസഹായം, വിദ്യാഭ്യാസം തുടരാനുള്ള അവസരം എന്നിവ ഇതിൽ ഉൾപ്പെടും.
തൊഴിലും സ്വയംതൊഴിലും ഉറപ്പാക്കാൻ സഹായം
നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ കണ്ടെത്താനും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും സഹായം നൽകും. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ സ്വയംതൊഴിൽ പദ്ധതികളും കുടുംബശ്രീ സംവിധാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. കേരള വനിതാ കമ്മിഷനും വനിതാ ശിശുവികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അടിയന്തര സഹായത്തിന് ഏകോപിത സംവിധാനം
വനിതാ സംരക്ഷണ ഉദ്യോഗസ്ഥർ, 181 മിത്ര വനിതാ സഹായകേന്ദ്രം, സഖി ഏകജാലക കേന്ദ്രങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ അടിയന്തര സംരക്ഷണവും തുടർസേവനങ്ങളും ലഭ്യമാക്കും. കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചശേഷം പുരോഗതി വിലയിരുത്തി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, സ്വകാര്യ ചിത്രങ്ങളുടെയും വിവരങ്ങളുടെയും ദുരുപയോഗം, സൈബർ ഭീഷണികൾ തുടങ്ങിയവയും ഗൗരവത്തോടെ കാണണമെന്ന് മന്ത്രി പറഞ്ഞു. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾക്ക് സുരക്ഷയും അന്തസ്സും സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.