നാംസായി (അരുണാചൽ പ്രദേശ്) / 2026 / നവംബർ 17
അരുണാചൽ പ്രദേശിലെ നാംസായിയിലുള്ള ഗോൾഡൻ പഗോഡയിൽ ശാക്യമുനി ബുദ്ധന്റെ തിരുശേഷിപ്പുകൾ വണങ്ങാൻ ആദ്യ രണ്ടുദിവസം പന്ത്രണ്ടായിരത്തിലേറെ ഭക്തരെത്തി. നവംബർ പതിനാലിനും പതിനഞ്ചിനുമാണ് ഇത്രയും പേർ സന്ദർശിച്ചത്. ഭക്തർ പ്രാർഥനകൾ അർപ്പിക്കുകയും തിരുശേഷിപ്പുകൾ വണങ്ങി ബുദ്ധന്റെ അനുഗ്രഹം തേടുകയും ചെയ്തു. തവാങ്ങിൽ മുപ്പത്തൊന്നായിരത്തിലേറെയും ബോംഡിലയിൽ മുപ്പത്തയ്യായിരത്തിലേറെയും പേർ എത്തിയിരുന്നു. ഇതോടെ നവംബർ പതിനഞ്ച് അവസാനിക്കുമ്പോൾ മൂന്ന് കേന്ദ്രങ്ങളിലുമായി എത്തിയവരുടെ എണ്ണം എഴുപത്തെട്ടായിരം കടന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം അരുണാചൽ പ്രദേശ് സർക്കാർ, ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയം, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നാംസായിയിൽ നവംബർ ഇരുപതുവരെ ദിവസവും രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ പൊതുദർശനം തുടരും.

പ്രദർശനം തുടങ്ങിയതുമുതൽ നാംസായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ഭക്തർ ഗോൾഡൻ പഗോഡയിലെത്തുന്നുണ്ട്. നീണ്ട നിരകൾ തിരുശേഷിപ്പുകളോടുള്ള അവരുടെ ആഴത്തിലുള്ള വിശ്വാസവും ആദരവും വ്യക്തമാക്കുന്നു. മേഖലയിലെ ജനജീവിതത്തിൽ ബുദ്ധന്റെ ഉപദേശങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഇന്നും വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവുകൂടിയാണ് ഈ ജനപങ്കാളിത്തം. ഒക്ടോബർ മുപ്പത്തൊന്നുമുതൽ നവംബർ ഇരുപത്തൊന്നുവരെ അരുണാചൽ പ്രദേശിൽ നടക്കുന്ന തിരുശേഷിപ്പ് പ്രദർശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് നാംസായിയിലേത്.
തവാങ്ങിൽ തുടക്കം; ബോംഡില വഴി നാംസായിയിലേക്ക്
ചരിത്രപ്രസിദ്ധമായ ഗാദെൻ നംഗ്യാൽ ലാത്സെ എന്ന തവാങ് ബുദ്ധവിഹാരത്തിൽ ഒക്ടോബർ മുപ്പത്തൊന്നിനാണ് പ്രദർശനം ആരംഭിച്ചത്. കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ആദരണീയരായ ബുദ്ധസന്യാസിമാരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിലുണ്ടായിരുന്നു. തവാങ്ങിലെ പ്രദർശനം നവംബർ ഏഴിന് അവസാനിച്ചു. തുടർന്ന് തിരുശേഷിപ്പുകൾ ബോംഡിലയിലെ ലോവർ ഗോംപ എന്നും അറിയപ്പെടുന്ന തുബ്ചോഗ് ഗാത്സെൽ ലിങ് ബുദ്ധവിഹാരത്തിലേക്ക് കൊണ്ടുപോയി. നവംബർ എട്ടുമുതൽ പതിമൂന്നുവരെ ആറുദിവസമാണ് അവിടെ പ്രദർശനം നടന്നത്.
നവംബർ പതിനാലിന് നാംസായിയിലെത്തിച്ച തിരുശേഷിപ്പുകൾ ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ച് ഗോൾഡൻ പഗോഡയിൽ പ്രതിഷ്ഠിച്ചു. അരുണാചൽ പ്രദേശ് ഗവർണർ, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ചൗന മേൻ, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ഡയറക്ടർ ജനറൽ രാഘവ് പ്രസാദ് ഭട്നഗർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ബുദ്ധസന്യാസിമാർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവരും പങ്കെടുത്തു. തവാങ്, ബോംഡില, നാംസായി എന്നിവിടങ്ങളിലെ പ്രദർശനത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തർക്ക് തിരുശേഷിപ്പുകൾ വണങ്ങാൻ അവസരമൊരുങ്ങി. വ്യത്യസ്ത ബുദ്ധമത പാരമ്പര്യങ്ങൾ പിന്തുടരുന്നവരെ ഒരേ വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിൽ ഒന്നിപ്പിക്കാനും പ്രദർശനത്തിന് കഴിഞ്ഞു.
വ്യത്യസ്ത ബുദ്ധമത പാരമ്പര്യങ്ങളുടെ സംഗമം; പ്രദേശങ്ങൾ തിരിച്ച് ദർശനം
കോങ്മു ഖാം എന്നും അറിയപ്പെടുന്ന ഗോൾഡൻ പഗോഡ, കിഴക്കൻ അരുണാചൽ പ്രദേശിലെ ഥേരവാദ ബുദ്ധമത വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പ്രധാന കേന്ദ്രമാണ്. തായ് ഖാംതി, സിങ്ഫോ തുടങ്ങിയ പ്രദേശത്തെ സമൂഹങ്ങൾ സമ്പന്നമായ ബുദ്ധമത പാരമ്പര്യങ്ങൾ തലമുറകളായി സംരക്ഷിച്ചുവരുന്നു. അവരുടെ ബുദ്ധവിഹാരങ്ങളും ഉത്സവങ്ങളും കലകളും മതാചാരങ്ങളും ഇന്ത്യയുടെ ബുദ്ധമത പൈതൃകത്തിന്റെ പ്രധാന ഭാഗമാണ്. തവാങ്ങും ബോംഡിലയും മഹായാന, വജ്രയാന പാരമ്പര്യങ്ങൾക്ക് പേരുകേട്ടവയാണ്. നാംസായി ഥേരവാദ പൈതൃകത്തിലൂടെയും ശ്രദ്ധേയമാണ്. ഈ മൂന്ന് കേന്ദ്രങ്ങളിലെ പ്രദർശനം അരുണാചൽ പ്രദേശിലെ ബുദ്ധമത പാരമ്പര്യങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നു. കിഴക്കൻ അരുണാചൽ പ്രദേശ്, അസം, മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ഭക്തർക്ക് തിരുശേഷിപ്പുകൾ വണങ്ങാനും ബുദ്ധന്റെ ജീവിതവും ഉപദേശങ്ങളുമായി കൂടുതൽ അടുക്കാനും നാംസായിയിലെ പ്രദർശനം പ്രത്യേക അവസരമൊരുക്കുന്നു.

ഭക്തർക്ക് ക്രമമായി പങ്കെടുക്കാനും സൗകര്യപ്രദമായി ദർശനം നടത്താനും ജില്ലാ ഭരണകൂടം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രദേശങ്ങൾ തിരിച്ചുള്ള സമയക്രമവും പ്രഖ്യാപിച്ചു.
നിശ്ചയിച്ച സമയക്രമം പാലിക്കാനും ജില്ലാ ഭരണകൂടവുമായി സഹകരിക്കാനും ഭക്തരോട് അഭ്യർഥിച്ചിട്ടുണ്ട്. തിരക്കില്ലാതെ സഞ്ചരിക്കാനും സൗകര്യപ്രദമായി പൊതുദർശനം നടത്താനും ഈ ക്രമീകരണങ്ങൾ സഹായിക്കും.
പതിമൂന്ന് വർഷത്തിനുശേഷം തിരുശേഷിപ്പുകൾ; ചരിത്രം തുറന്നുകാട്ടി രണ്ട് പ്രദർശനങ്ങൾ
ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകളാണ് അരുണാചൽ പ്രദേശിൽ പ്രദർശിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർഥനഗർ ജില്ലയിലെ പിപ്രഹ്വയിൽനിന്നാണ് ഇവ ലഭിച്ചത്. പുരാതന കപിലവസ്തുവുമായും ബുദ്ധന്റെ ശാക്യപാരമ്പര്യവുമായും ബന്ധമുള്ള സ്ഥലമാണിത്. അസാധാരണമായ ചരിത്ര, പുരാവസ്തു, ആത്മീയ പ്രാധാന്യമുള്ള ഈ തിരുശേഷിപ്പുകൾ ഇന്ത്യയുടെ ബുദ്ധമത പൈതൃകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിൽപ്പെടുന്നു. ബുദ്ധന്റെ മഹാപരിനിർവാണത്തിനുശേഷമാണ് തിരുശേഷിപ്പുകളെ വണങ്ങുന്ന പാരമ്പര്യം ആരംഭിച്ചത്. ഇവ പ്രതിഷ്ഠിച്ച സ്തൂപങ്ങൾ പിന്നീട് പ്രധാന ബുദ്ധമത തീർഥാടന, ആരാധനാ കേന്ദ്രങ്ങളായി മാറി. പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരുശേഷിപ്പുകൾ അരുണാചൽ പ്രദേശിൽ വീണ്ടും എത്തുന്നത്. ബുദ്ധനെ വണങ്ങാനും സ്വന്തം ആത്മീയ പൈതൃകവുമായി വീണ്ടും അടുക്കാനും സംസ്ഥാനത്തുടനീളമുള്ള ഭക്തർക്ക് ഇതിലൂടെ വിലപ്പെട്ട അവസരം ലഭിച്ചു.
ഗോൾഡൻ പഗോഡയിലെ ധ്യാനകേന്ദ്രത്തിൽ ദേശീയ മ്യൂസിയവും ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷനും ചേർന്ന് രണ്ട് പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. കോൺഫെഡറേഷൻ സംഘടിപ്പിച്ച ‘പുണ്യഭൂമിയായ പിപ്രഹ്വയുടെ കണ്ടെത്തൽ: ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെയും അവയുടെ കണ്ടെത്തലിന്റെയും കഥ’ എന്ന പ്രദർശനം പിപ്രഹ്വ തിരുശേഷിപ്പുകളുടെ ചരിത്രവും പ്രാധാന്യവും അവതരിപ്പിക്കുന്നു. ഉത്തർപ്രദേശിലെ പിപ്രഹ്വയിൽ അവ കണ്ടെത്തിയതും തുടർന്നുനടന്ന പുരാവസ്തു ഖനനങ്ങളും ഇതിൽ വിശദീകരിക്കുന്നു. തിരുശേഷിപ്പ് ആരാധനയുടെ പാരമ്പര്യവും അവയുടെ ആത്മീയ പ്രാധാന്യവും പ്രദർശനം വ്യക്തമാക്കുന്നു. പിപ്രഹ്വയിലെ ആഭരണശേഖരത്തിന്റെ ശ്രദ്ധേയമായ യാത്രയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2025-ലാണ് ഈ അമൂല്യവസ്തുക്കൾ ഇന്ത്യയിൽ തിരിച്ചെത്തിയത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രധാന നേട്ടമാണ് ഈ മടക്കിവരവ്. ദേശീയ മ്യൂസിയം ഒരുക്കിയ ‘ധമ്മത്തിന്റെ സംഗമപാതകൾ: ശാസ്ത്രീയ പൈതൃകങ്ങൾ, സജീവ കല, നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ’ എന്ന രണ്ടാമത്തെ പ്രദർശനം ബുദ്ധമതത്തിന്റെ സമ്പന്നമായ കലാ, സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നു. കല, സംസ്കാരം, ഇന്നും തുടരുന്ന പാരമ്പര്യങ്ങൾ എന്നിവയിൽ ബുദ്ധന്റെ ഉപദേശങ്ങൾ ചെലുത്തിയ സ്വാധീനവും അവതരിപ്പിക്കുന്നു. ബുദ്ധന്റെ ജീവിതവും ഉപദേശങ്ങളും കൂടുതൽ അറിയാൻ രണ്ട് പ്രദർശനങ്ങളും സന്ദർശകരെ സഹായിക്കുന്നു. വരുംതലമുറകൾക്കായി ഇന്ത്യയുടെ ബുദ്ധമത പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കുന്നു.

ബുദ്ധമത പൈതൃക സംരക്ഷണത്തിന് തുടർച്ചയായ പ്രവർത്തനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ബുദ്ധമത പൈതൃകം സംരക്ഷിക്കാനും നിലനിർത്താനും പ്രചരിപ്പിക്കാനും കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാന ബുദ്ധമത തീർഥാടനകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും ഗതാഗതബന്ധങ്ങളും സന്ദർശകസൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ബുദ്ധമത പഠനങ്ങൾക്കും രാജ്യാന്തര സമ്മേളനങ്ങൾക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും സർക്കാർ പ്രോത്സാഹനം നൽകിയിട്ടുണ്ട്. ബുദ്ധമത വിജ്ഞാനവും സാഹിത്യപാരമ്പര്യവും സംരക്ഷിക്കുന്നതിലെ പ്രധാന ചുവടുവയ്പാണ് 2024-ൽ പാലി ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നൽകിയത്. പിപ്രഹ്വ ആഭരണശേഖരം 2025-ൽ ഇന്ത്യയിൽ തിരിച്ചെത്തിച്ചതും രാജ്യത്തിന്റെ ബുദ്ധമത പൈതൃക സംരക്ഷണത്തിലെ മറ്റൊരു പ്രധാന നേട്ടമാണ്. സമീപവർഷങ്ങളിൽ മംഗോളിയ, തായ്ലൻഡ്, വിയറ്റ്നാം, റഷ്യ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനങ്ങൾ സംഘടിപ്പിക്കുകയോ അവയ്ക്ക് പിന്തുണ നൽകുകയോ ഇന്ത്യ ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഭക്തർക്ക് തിരുശേഷിപ്പുകൾ വണങ്ങാൻ ഇവ അവസരമൊരുക്കി. ലോകമെമ്പാടുമുള്ള ബുദ്ധമത സമൂഹങ്ങളുമായുള്ള ഇന്ത്യയുടെ സാംസ്കാരിക, ആത്മീയ ബന്ധങ്ങളും ശക്തിപ്പെട്ടു. ഈ വർഷം നേരത്തേ ലഡാക്കിൽ നടന്ന തിരുശേഷിപ്പ് പ്രദർശനം ഹിമാലയൻ മേഖലയിലെ ഭക്തർക്കും പൊതുവണക്കം അർപ്പിക്കാൻ പ്രത്യേക അവസരം നൽകിയിരുന്നു.
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അരുണാചൽ പ്രദേശിൽ ഇപ്പോൾ നടക്കുന്ന പ്രദർശനം. വടക്കുകിഴക്കൻ ഹിമാലയൻ മേഖലയിലെ സമ്പന്നമായ ബുദ്ധമത പൈതൃകവും അതു സംരക്ഷിക്കുന്നതിൽ അവിടത്തെ സമൂഹങ്ങൾ വഹിക്കുന്ന പ്രധാന പങ്കും ഇത് എടുത്തുകാട്ടുന്നു. വലിയ ആത്മീയ, സാംസ്കാരിക പ്രാധാന്യമുള്ള അവസരമാണ് ശാക്യമുനി ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനം. ആയിരക്കണക്കിന് ഭക്തരുടെ പങ്കാളിത്തം ബുദ്ധനിലും അദ്ദേഹത്തിന്റെ ഉപദേശങ്ങളിലുമുള്ള നിലനിൽക്കുന്ന വിശ്വാസം വ്യക്തമാക്കുന്നു. രണ്ടായിരത്തിലേറെ വർഷങ്ങളായി സമാധാനം, കരുണ, ജ്ഞാനം, അഹിംസ എന്നിവയിലേക്ക് മനുഷ്യരാശിയെ നയിക്കുന്നവയാണ് ബുദ്ധന്റെ ഉപദേശങ്ങൾ. ഇന്നത്തെ ലോകത്തും ഈ മൂല്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നാംസായിയിലെ ഗോൾഡൻ പഗോഡയിൽ നവംബർ ഇരുപതുവരെ പൊതുദർശനം തുടരും. പ്രദർശനം അവസാനിച്ചശേഷം നവംബർ ഇരുപത്തൊന്നിന് തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിലേക്ക് മടക്കിക്കൊണ്ടുപോകാനാണ് നിശ്ചയിച്ചിരിക്കുന്നത്.