ന്യൂഡൽഹി/ 2026 / നവംബർ 05
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രത്യേക പ്രചാരണത്തിന്റെ ആറാം ഘട്ടത്തിൽ നിശ്ചയിച്ച മുഴുവൻ ലക്ഷ്യങ്ങളും കൈവരിച്ചു. 2026 ഒക്ടോബർ രണ്ടു മുതൽ 31 വരെയായിരുന്നു പ്രചാരണം. സർക്കാർ ഓഫീസുകളിൽ ശുചിത്വം സ്ഥിരം പ്രവർത്തനത്തിന്റെ ഭാഗമാക്കുക, തീർപ്പാകാതെ കിടക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുക, ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. വകുപ്പിന് കീഴിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 1,62,325 ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ആശുപത്രികൾ മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ പങ്കാളിത്തം
വകുപ്പിന്റെ ആസ്ഥാനം, കേന്ദ്ര സർക്കാർ ആശുപത്രികൾ, അനുബന്ധ ഓഫീസുകൾ, കീഴിലുള്ള മറ്റു ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രവർത്തനങ്ങൾ. സ്ഥാപനങ്ങളിൽ ശുചിത്വ സംസ്കാരം വളർത്താനും രേഖകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ജോലിസ്ഥലത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പ്രചാരണം സഹായിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുടെയും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും മാർഗനിർദേശത്തിൽ പ്രവർത്തനപുരോഗതി പതിവായി വിലയിരുത്തി. ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു ഉദ്ദേശ്യം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ. പി. നഡ്ഡ ന്യൂഡൽഹി എയിംസ് സന്ദർശിച്ച് ശുചിത്വം, മാലിന്യ സംസ്കരണം, രോഗികൾക്കുള്ള സൗകര്യങ്ങൾ എന്നിവ പരിശോധിച്ചു.
12,840 പൊതുപരാതികൾക്കും 6,026 അപ്പീലുകൾക്കും തീർപ്പ്
പൊതുജനങ്ങളുടെ 12,840 പരാതികളും അവയുമായി ബന്ധപ്പെട്ട 6,026 അപ്പീലുകളും തീർപ്പാക്കി. പാർലമെന്റ് അംഗങ്ങളിൽനിന്ന് ലഭിച്ച 119 വിഷയങ്ങളിലും നടപടി സ്വീകരിച്ചു. ഭരണനടപടികൾ എളുപ്പമാക്കുന്നതിനായി 19 ചട്ടങ്ങളും നടപടിക്രമങ്ങളും ലളിതമാക്കി. പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാധവ് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ ഒന്നിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പ് സന്ദർശിച്ചു. ശുചീകരണ തൊഴിലാളികളായ സഫായി മിത്രങ്ങളുമായി സംസാരിച്ച അദ്ദേഹം ശുചിത്വം ഉറപ്പാക്കുന്നതിലെ അവരുടെ സംഭാവനയെ അഭിനന്ദിച്ചു.

പഴയ ഫയലുകൾ നീക്കി സ്ഥലം വീണ്ടെടുത്തു; പാഴ്വസ്തുക്കളിൽനിന്ന് ഒരു കോടിയിലേറെ വരുമാനം
രേഖകൾ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,25,114 കടലാസ് ഫയലുകൾ പരിശോധിച്ചു. ഇതിൽ 1,20,115 ഫയലുകൾ ഒഴിവാക്കി. കൂടാതെ 37,481 ഇലക്ട്രോണിക് ഫയലുകൾ പരിശോധിക്കുകയും 32,542 എണ്ണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ഓഫീസുകളിൽ 5,82,449 ചതുരശ്ര അടി സ്ഥലം വീണ്ടെടുത്തു. പാഴ്വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും വിറ്റഴിച്ചതിലൂടെ ഒരു കോടി രൂപയിലേറെ വരുമാനവും ലഭിച്ചു. ഉപയോഗശൂന്യമായ വസ്തുക്കൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനും നടപടി സഹായിച്ചു.
പാഴ്വസ്തുക്കൾ കലാസൃഷ്ടികളാക്കി; പ്രവർത്തനങ്ങൾ രേഖപ്പെടുത്തി
ഒക്ടോബർ 27ന് നടത്തിയ ശുചിത്വവും ആരോഗ്യകരമായ പരിസരവും ഉറപ്പാക്കാനുള്ള ഏകദിന കായകൽപ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കവും പ്രചാരണത്തിന്റെ പുരോഗതിയും കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. ജോധ്പുർ എയിംസിൽ പ്ലാസ്റ്റിക് ഡ്രമ്മുകളും കുപ്പികളും ചെടിച്ചട്ടികളാക്കി പുനരുപയോഗിച്ചു. പുകയില ഒഴിവാക്കാനും പുകവലിക്കരുതെന്നും സന്ദേശങ്ങൾ നൽകുന്ന അലങ്കാരച്ചട്ടികളും ചുമരിൽ തൂക്കാവുന്ന അലങ്കാരവസ്തുക്കളും നിർമിച്ചു. ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലും പാഴ്വസ്തുക്കൾ കലാസൃഷ്ടികളാക്കുന്ന പ്രവർത്തനങ്ങൾ നടന്നു.

പ്രചാരണത്തിന്റെ പുരോഗതിയും നേട്ടങ്ങളും ഭരണപരിഷ്കാര പൊതുപരാതി വകുപ്പിന്റെ പ്രത്യേക പ്രചാരണ പോർട്ടലിൽ പതിവായി രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിവരങ്ങൾ, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അറിയിപ്പുകൾ, മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവയും പോർട്ടലിൽ ഉൾപ്പെടുത്തി. ശുചിത്വം സ്ഥിരം പ്രവർത്തനമാക്കാനും ഓഫീസ് നടത്തിപ്പ് മെച്ചപ്പെടുത്താനും കെട്ടിക്കിടക്കുന്ന കാര്യങ്ങൾ കുറയ്ക്കാനും ജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകാനുമുള്ള ശ്രമങ്ങൾ പ്രചാരണം ശക്തിപ്പെടുത്തി. നിശ്ചയിച്ച ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതിനൊപ്പം പല മേഖലകളിലും ലക്ഷ്യത്തെ മറികടന്ന പ്രകടനവും രേഖപ്പെടുത്തി. കാര്യക്ഷമവും ഉത്തരവാദിത്തമുള്ളതും ജനകേന്ദ്രിതവുമായ ഭരണത്തോടുള്ള വകുപ്പിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.

